കൊച്ചി:നടൻ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതിന് പിന്നാലെ CPIMലെ യുവ നേതാക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഇടത് സൈബർ അണികൾ രംഗത്ത്. DYFI സംസ്ഥാന സെക്രട്ടറി എം. വിജിൻ, പ്രസിഡന്റ് ചിന്താ ജെറോം, SFI നേതാക്കളായ പി.എസ്. സഞ്ജീവ്, എം. ശിവപ്രസാദ് എന്നിവർക്കെതിരെയാണ് വിമർശനം ഉയരുന്നത്. വയനാട് ടൗൺഷിപ്പ് സന്ദർശനത്തിനിടെ CPIM വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖിനെ മമ്മൂട്ടി അപമാനിച്ചെന്ന ആരോപണമാണ് വിവാദത്തിന് പിന്നിൽ. അന്ന് മമ്മൂട്ടിക്കെതിരെ വിമർശനം ഉയർത്തിയവർ ഇപ്പോൾ അദ്ദേഹത്തിനൊപ്പം ചിത്രം പങ്കുവെച്ച നേതാക്കളെ ചോദ്യം ചെയ്യുകയാണ്. ‘മമ്മൂട്ടി കെ. റഫീഖിനെ അപമാനിച്ചത് മറക്കില്ല’ എന്ന തരത്തിലുള്ള കുറിപ്പുകളുമായാണ് ചിലർ പ്രതിഷേധിക്കുന്നത്.
അതേസമയം, സംഭവത്തിന് പിന്നാലെ കെ. റഫീഖ് തന്നെ മമ്മൂട്ടിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചതോടെ പാർട്ടിയുടെ ഓൺലൈൻ അനുയായികൾക്കിടയിൽ പുതിയ വിവാദമാണ് ഉടലെടുത്തിരിക്കുന്നത്. മമ്മൂട്ടി സമരകാലത്ത് പാർട്ടിക്കൊപ്പം നിന്നില്ലെന്ന വിമർശനവും ചിലർ ഉന്നയിക്കുന്നുണ്ട്. കൂടാതെ, മറ്റ് രാഷ്ട്രീയ നേതാക്കൾക്കൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും പങ്കുവെച്ചാണ് ചിലർ പ്രതിഷേധം അറിയിക്കുന്നത്. യുവ നേതാക്കളുടെ ഈ നടപടി പാർട്ടി അനുയായികൾക്കിടയിൽ വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.



