തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെ വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനുള്ള സാധ്യതയും അറബിക്കടലിലും മന്നാർ കടലിടുക്കിലും ചക്രവാതച്ചുഴികൾ നിലനിൽക്കുന്നതുമാണ് മഴയ്ക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നത്.
തെക്കൻ ആൻഡമാൻ കടലിനും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലവിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനത്തിൽ നവംബർ 13-ഓടെ തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങുകയും നവംബർ 14-ഓടെ ശക്തി കൂടിയ ന്യൂനമർദമായും നവംബർ 15-ഓടെ അതേ മേഖലയിൽ തീവ്ര ന്യൂനമർദമായും ശക്തിപ്രാപിച്ചേക്കുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്കുകിഴക്കൻ അറബിക്കടലിലും സമീപ ലക്ഷദ്വീപ് മേഖലയിലും മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. മന്നാർ കടലിടുക്കിലും സമീപപ്രദേശങ്ങളിലും വേറൊരു ചക്രവാതച്ചുഴിയും രൂപപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ നവംബർ 12 മുതൽ 16 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയതോ ഇടത്തരം മഴയോ ശക്തമായ മഴയോ ലഭിക്കാം. നവംബർ 12-ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ നവംബർ 12-ന് മത്സ്യബന്ധനത്തിന് തടസ്സമില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. എന്നാൽ നവംബർ 12 മുതൽ 16 വരെ ആൻഡമാൻ കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകരുതെന്നും നിർദേശമുണ്ട്.



