രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ (ഐസിസി) ചെയർമാനായി ജയ് ഷായെ എതിരില്ലാതെ തിരഞ്ഞെടുത്തു. ഇന്തോനേഷ്യയിൽ ചേർന്ന ഐസിസി ബോർഡ് യോഗത്തിൽ ഡയറക്ടർമാർ മുന്നോട്ടുവെച്ച നിർദ്ദേശത്തെ തുടർന്നാണ് 38കാരനായ ജയ് ഷായെ രണ്ട് വർഷത്തെ രണ്ടാം ടേമിലേക്ക് കൂടി നിയമിക്കാൻ തീരുമാനിച്ചത്. 2024 ഡിസംബറിലാണ് മുൻ ബിസിസിഐ സെക്രട്ടറി കൂടിയായ ജയ് ഷാ ആദ്യമായി ഐസിസി ചെയര്‍മാനായത്.
ജയ് ഷായുടെ നേതൃത്വത്തിലുള്ള ബോർഡിന്റെ വിശ്വാസ്യതയെയാണ് തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്ന് ഐസിസി പ്രസ്താവനയിൽ വ്യക്തമാക്കി. അതേസമയം ഐസിസി ബോർഡ് തന്നിൽ അർപ്പിച്ച വിശ്വാസത്തെ ബഹുമാനിക്കുന്നുവെന്ന് ജയ് ഷായും പ്രതികരിച്ചു.
2024 ൽ ഗ്രഗ് ബാർക്ലേയുടെ പകരക്കാരനായിട്ടാണ് ജയ് ഷാ ഐസിസി ചെയർമാനാകുന്നത്. 2020-ൽ ഐ.സി.സിയുടെ തലപ്പത്തെത്തിയ ബാർക്ലേ 2022-ൽ വീണ്ടും തിരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ആദ്യ ടേമിൽ 2024 മുതൽ 2026 വരെ ജയ് ഷാ ചെയർമാനായി. ഇപ്പോഴിതാ വീണ്ടും എതിരില്ലാതെ ജയ് ഷായെ തിരഞ്ഞെടുത്തിരിക്കുകയാണ് ഐസിസി. ജഗ്‌മോഹൻ ഡാൽമിയ, ശരദ് പവാർ, എൻ. ശ്രീനിവാസൻ, ശശാങ്ക് മനോഹർ എന്നിവരാണ് ഇതിന് മുമ്പ് ഐ.സി.സി തലപ്പത്തെത്തിയ ഇന്ത്യക്കാർ. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ മകൻ കൂടിയായ ജയ്ഷാ ഐ.സി.സി തലപ്പത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ്.



