തിരുവനന്തപുരം: സര്‍ക്കാര്‍ അധികാരത്തിലേറി നൂറാം ദിനത്തില്‍ അവകാശവാദവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. സഹാനുഭൂതിയും സദ്ഭരണവും എന്ന ലക്ഷ്യത്തിലേക്ക് സര്‍ക്കാര്‍ കടന്നതായി മുഖ്യമന്ത്രി അവകാശപ്പെട്ടു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവരെയും ചേര്‍ത്തുപിടിച്ച് മുന്നോട്ടു പോകുമെന്നും സതീശൻ പറഞ്ഞു. വീക്ഷണം അടക്കമുള്ള മാധ്യമങ്ങളിൽ എഴുതിയ കുറിപ്പിലായിരുന്നു സതീശൻ അവകാശവാദം ഉന്നയിച്ചത്.
സര്‍ക്കാരിന് 100 ദിവസം തികയുമ്പോള്‍ സംസ്ഥാനം ഓണാഘോഷത്തിന്റെ ലഹരിയിലാണെന്നും വിപണിയില്‍ കൃത്യമായി ഇടപെട്ട് വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചതെന്നും സതീശന്‍ പറഞ്ഞു. സപ്ലൈകോ, കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളില്‍ 13 സബ്സിഡി സാധനങ്ങളും വില കൂട്ടാതെ വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതായി സതീശന്‍ പറഞ്ഞു. മുന്‍വര്‍ഷങ്ങളിലേതുപോലെ ഒഴിഞ്ഞ റാക്കുകള്‍ എന്ന പരാതി പരിഹരിച്ച് സപ്ലൈകോയില്‍ ആവശ്യത്തിന് സ്റ്റോക്ക് ഉറപ്പാക്കിയിട്ടുണ്ടെന്നും സതീശന്‍ അവകാശപ്പെട്ടു.
ചരിത്രത്തിലൊരിക്കലുമില്ലാത്ത ധനപ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോഴും ഒരു രൂപയുടെ പോലും അധിക നികുതി ചുമത്താതെയാണ് ആദ്യ ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ പ്രതിസന്ധി നിറഞ്ഞ ധനസ്ഥിതിയിലും ക്ഷേമ പെന്‍ഷന്‍ വിതരണം ഉള്‍പ്പെടെയുള്ള സാമൂഹിക ക്ഷേമ പരിപാടികള്‍ തടസപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഒരു മാസം പോലും ക്ഷേമ പെന്‍ഷന്‍ മുടങ്ങരുതെന്നതാണ് സര്‍ക്കാരിന്റെ നിലപാട്. ഓണം പ്രമാണിച്ച് ഓഗസ്റ്റ് മാസത്തെ പെന്‍ഷന്‍ വിതരണം നേരത്തെയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്‌കോളര്‍ഷിപ്പ് മുടങ്ങി പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ത്ഥികളുടെ പഠനം തടസപ്പെട്ട അവസ്ഥയ്ക്ക് സര്‍ക്കാര്‍ പരിഹാരം കണ്ടുവെന്നാണ് മറ്റൊരു അവകാശവാദം.
മുഖ്യമന്ത്രിയും മന്ത്രിമാരും വിമര്‍ശനത്തിന് അതീതരല്ലെന്നും സതീശന്‍ പറഞ്ഞു. വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ സമീപിക്കും. ആര്‍ക്കും തെറ്റുകള്‍ ചൂണ്ടിക്കാട്ടാം. അതില്‍ കഴമ്പുണ്ടെങ്കില്‍ തിരുത്താന്‍ സര്‍ക്കാരിന് മടിയില്ല. പക്ഷെ നിക്ഷിപ്ത താത്പര്യത്തോടെ സര്‍ക്കാരിനെ കളങ്കപ്പെടുത്താനോ വളഞ്ഞിട്ട് ആക്രമിക്കാനോ ശ്രമിച്ചാല്‍ അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയും. മൂന്ന് മാസം പ്രായമാകുന്നതിന് മുന്‍പെ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താനാണ് ചില മാധ്യമങ്ങളുടെ സഹായത്തോടെ ഒരു സംഘം പ്രവര്‍ത്തിച്ചത്. അവര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്കൊന്നും 24 മണിക്കൂര്‍ ആയുസുണ്ടായില്ല. മാധ്യമ വാര്‍ത്തകള്‍ സര്‍ക്കാര്‍ ഇടപെട്ട് സമൂഹമാധ്യമങ്ങളില്‍ നിന്ന് പിന്‍വലിപ്പിച്ചുവെന്നത് നീചമായ പ്രചരണമായിരുന്നു. സര്‍ക്കാര്‍ ഇടപെട്ടിട്ടേയില്ലെന്ന് മെറ്റ ഔദ്യോഗികമായി വിശദീകരണം നല്‍കിയതോടെ വ്യാജപ്രചാരകര്‍ക്ക് ഇനി എന്ത് പറയാനുണ്ട്? സമരം ചെയ്യുന്നവരാരും സര്‍ക്കാരിന്റെ ശത്രുക്കളല്ല. ആരെയും തുറന്ന മനസോടെ കേള്‍ക്കും. ഏത് പ്രശ്നവും പരിഹരിക്കുന്നതിന് സാധ്യമായതെല്ലാം ചെയ്യും. പക്ഷെ ഒരു സമ്മര്‍ദ്ദ ശക്തിക്ക് മുന്നിലും സര്‍ക്കാര്‍ കീഴടങ്ങില്ല. ജനങ്ങളാണ് തങ്ങളുടെ കരുത്തെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.



