ന്യൂഡൽഹി: ഡൽഹിയിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ശക്തമായ കാറ്റോടും ഇടിമിന്നലോടും കൂടിയ മഴയ്ക്കാണ് സാധ്യത. കനത്ത മഴ വിമാന സർവീസുകളെയും സാരമായി ബാധിച്ചു. 357 വിമാന സർവീസുകളെ ബാധിച്ചു. ഇന്നലെ 26 വിമാനങ്ങൾ റദ്ദാക്കി. 15 വിമാനങ്ങൾ വഴിതിരിച്ചു വിട്ടു. ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ പെയ്തതോടെ നിരവധി പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.
തെക്കൻ ഡൽഹിയിലെ ഛത്തർപൂരിലാണ് ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത്. ഓഗസ്റ്റ് 24 വരെയുള്ള കണക്കനുസരിച്ച് ഡൽഹിയിലെ പ്രധാന കാലാവസ്ഥാ കേന്ദ്രമായ സഫ്ദർജംഗിൽ 12 മഴദിനങ്ങളിലായി 246.2 മില്ലീമീറ്റർ മഴ ലഭിച്ചു. ഇത് ഓഗസ്റ്റ് മാസത്തിൽ സാധാരണ ലഭിക്കേണ്ട ശരാശരി മഴയായ 226.8 മില്ലീമീറ്ററിനേക്കാൾ കൂടുതലാണ്. ഈ മാസത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് ഓഗസ്റ്റ് 8-നാണ്. അന്ന് 24 മണിക്കൂറിനുള്ളിൽ 98.7 മില്ലീമീറ്റർ മഴയാണ് സഫ്ദർജംഗിൽ രേഖപ്പെടുത്തിയത്.



