ഐപിഎല്‍ 2027 പുരുഷ ടീമിന്റെ കോച്ചിംഗ് പാനലില്‍ നിന്ന് ലസിത് മലിംഗ, പരസ് മംബ്രെ, കാള്‍ ഹോപ്കിന്‍സണ്‍ എന്നിവര്‍ ഒഴിയുന്നതായി പ്രഖ്യാപിച്ച് മുംബൈ ഇന്ത്യന്‍സ്. മിനി ലേലത്തിന് മുന്നോടിയായാണ് പ്രഖ്യാപനം വന്നത്. ഫ്രാഞ്ചൈസിക്ക് അവര്‍ നല്‍കിയ സംഭാവനകള്‍ക്കും സേവനങ്ങള്‍ക്കും ക്ലബ്ബ് നന്ദി രേഖപ്പെടുത്തി. മുംബൈ ഇന്ത്യന്‍സ് കുടുംബത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഘടകവും ഫ്രാഞ്ചൈസിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഐക്കണിക് താരങ്ങളിലൊരാളുമാണ് ലസിത് മലിംഗ. മുംബൈയുടെ ബൗളിങ് നിരയെ മുന്നില്‍ നിന്ന് നയിച്ച അദ്ദേഹം നാല് ഐപിഎല്‍ കിരീടങ്ങളിലും 2011-ലെ ചാമ്പ്യന്‍സ് ലീഗ് ടി20 വിജയത്തിലും നിര്‍ണായക പങ്കുവഹിച്ചു.
പിന്നീട് മെന്ററായും കോച്ചായും അദ്ദേഹം ഫ്രാഞ്ചൈസിയിലേക്ക് തിരിച്ചെത്തുകയായിരുന്നു. മലിംഗയുടെ കായികക്ഷമതയും മത്സരബുദ്ധിയും ടീമിനോടുള്ള അര്‍പ്പണബോധവും മുംബൈ ഇന്ത്യന്‍സ് എടുത്തുപറയുകയും അദ്ദേഹത്തിന്റെ പാരമ്പര്യം ക്ലബ്ബിന്റെ പ്രധാന ഭാഗമായി നിലനില്‍ക്കുമെന്നും വ്യക്തമാക്കി.’ലസിത് മലിംഗ, പരസ് മംബ്രെ, കാള്‍ ഹോപ്കിന്‍സണ്‍ എന്നിവര്‍ പുരുഷ ടീമിന്റെ കോച്ചിങ് പാനലിലെ തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിയുകയാണ്. ഫ്രാഞ്ചൈസിക്ക് അവര്‍ നല്‍കിയ സേവനങ്ങള്‍ക്കും അര്‍പ്പണബോധത്തിനും നന്ദി അറിയിക്കുന്നു. അവര്‍ ഉണ്ടാക്കിയ ബന്ധങ്ങളും ഓര്‍മ്മകളും ഞങ്ങളുടെ യാത്രയുടെ ഭാഗമായി എപ്പോഴും ഉണ്ടാകും.
ഇവരുടെ ഭാവി സംരംഭങ്ങള്‍ക്ക് എല്ലാവിധ ആശംസകളും നേരുന്നു’ -മുംബൈ ഇന്ത്യന്‍സ് എക്സില്‍ കുറിച്ചു.മുന്‍ ഇന്ത്യന്‍ താരം പരസ് മംബ്രെയും ഫ്രാഞ്ചൈസിയുമായി ദീര്‍ഘകാല ബന്ധം പുലര്‍ത്തിയ വ്യക്തിയാണ്. 2010 മുതല്‍ 2017 വരെ സേവനമനുഷ്ഠിച്ച അദ്ദേഹം 2024-ല്‍ വീണ്ടും ടീമിലേക്ക് തിരിച്ചെത്തി. ക്ലബ്ബിന്റെ ബോളിംഗ് പ്രതിഭകളെ വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കിനെ ഫ്രാഞ്ചൈസി അഭിനന്ദിച്ചു. ഇംഗ്ലണ്ട് പുരുഷ ടീമിനൊപ്പം അന്താരാഷ്ട്ര പരിചയസമ്പത്തുള്ള കാള്‍ ഹോപ്കിന്‍സണ്‍ 2025 സീസണിന് മുന്നോടിയായാണ് മുംബൈ ഇന്ത്യന്‍സില്‍ ഫീല്‍ഡിംഗ് കോച്ചായി ചേര്‍ന്നത്. ടീമിന്റെ ഫീല്‍ഡിംഗ് നിലവാരം മെച്ചപ്പെടുത്താന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെ ക്ലബ്ബ് അനുസ്മരിച്ചു.
ഐപിഎല്‍ 2027 മിനി ലേലം ഡിസംബര്‍ 16-ന് ഗോവയില്‍ വെച്ച് നടക്കും. ബെംഗളൂരുവില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ നടക്കുന്ന രണ്ടാം ഏകദിനം നടക്കുന്ന അതേ ദിവസമാണ് ഈ ഒരു ദിവസത്തെ ലേലച്ചടങ്ങും തീരുമാനിച്ചിരിക്കുന്നത്. നവംബര്‍ 15-നകം ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തുന്ന കളിക്കാരുടെ പട്ടിക നല്‍കണമെന്ന് ഐപിഎല്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. 2026 സീസണിന് ശേഷം ഐപിഎല്‍ ട്രേഡ് വിന്‍ഡോയിലൂടെ രണ്ട് കളിക്കാരുടെ കൈമാറ്റം നടന്നിട്ടുണ്ട്. ജൂണില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് തങ്ങളുടെ ക്യാപ്റ്റനായ ഋഷഭ് പന്തിനെ ഡല്‍ഹി ക്യാപിറ്റല്‍സിന് നല്‍കി പകരം റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെ സ്വന്തമാക്കിയിരുന്നു. അടുത്തിടെ ഡല്‍ഹി ക്യാപിറ്റല്‍സ് ഫാസ്റ്റ് ബൗളര്‍ തങ്കരാസു നടരാജനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് നല്‍കി പകരം അണ്‍ക്യാപ്ഡ് ലെഗ് സ്പിന്നര്‍ ഷീശാന്‍ അന്‍സാരിയെ ടീമിലെത്തിച്ചു.



