ന്യൂഡൽഹി: മാധ്യമപ്രവര്‍ത്തക നല്‍കിയ ഹര്‍ജിയില്‍ രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ച് സുപ്രീംകോടതി. ഗര്‍ഭിണിയായ തന്നെ സുപ്രീംകോടതി വളപ്പില്‍വെച്ച് രാഹുല്‍ ഗാന്ധി തള്ളിയിട്ടെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. പരാതിയുമായി മാധ്യമപ്രവര്‍ത്തക സുപ്രീംകോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നടപടി ഉണ്ടായത്. കോടതി പരിസരത്തെ രാഷ്ട്രീയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസില്‍ കക്ഷി ചേരാന്‍ അനുമതി തേടിയാണ് മാധ്യമപ്രവര്‍ത്തക അപേക്ഷ നല്‍കിയത്.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്‌കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇൻഡ്യ സഖ്യത്തിന്റെ റിട്ട് ഹര്‍ജി സമര്‍പ്പിക്കാന്‍ രാഹുല്‍ ഗാന്ധി എത്തിയപ്പോഴായിരുന്നു സംഭവം. ഒക്ടോബര്‍ 12ന് പ്രതിപക്ഷ നേതാക്കളുടെ സുപ്രീംകോടതിയിലേക്കുള്ള മാര്‍ച്ചിനിടെ രാഹുല്‍ ഗാന്ധി തന്നെ തള്ളിയിട്ടെന്നാണ് മാധ്യമപ്രവര്‍ത്തകയുടെ ആരോപണം. താന്‍ 11 ആഴ്ചയും മൂന്ന് ദിവസവും ഗര്‍ഭിണിയായിരുന്നുവെന്നും യുവതി ഹര്‍ജിയില്‍ പറയുന്നു.
വീഴ്ചയില്‍ മാധ്യമപ്രവര്‍ത്തകയുടെ ഫോണ്‍ തകര്‍ന്നതായും വസ്ത്രത്തില്‍ ഘടിപ്പിച്ചിരുന്ന മൈക്രോഫോണിന്റെ റിസീവര്‍ ഇളകിപ്പോയതായും ഹര്‍ജിയില്‍ പറയുന്നു. താന്‍ വീണിട്ടും സഹായിക്കാന്‍ ആരും എത്തിയില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. രാഹുല്‍ ഗാന്ധിയോ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്ന നേതാക്കളോ പ്രവര്‍ത്തകരോ സുരക്ഷാ ഉദ്യോഗസ്ഥരോ തനിക്ക് പരിക്കേറ്റോയെന്ന് അന്വേഷിച്ചില്ലെന്നാണ് ആരോപണം. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസും നേതാക്കളും തന്റെ പരാതിയെ രാഷ്ട്രീയ പ്രചാരണം എന്നാരോപിച്ച് അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നും മാധ്യമപ്രവര്‍ത്തക ആരോപിച്ചു.



