‘രാമായണ’ത്തിന്റെ ട്രെയിലര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു

ബ്രഹ്‌മാണ്ഡ ചലച്ചിത്രം ‘രാമായണ’ത്തിന്റെ ട്രെയിലര്‍ റിലീസ് തീയതി പ്രഖ്യാപിച്ചു. 2026 ജൂലൈ 24-നാണ് ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലര്‍ പുറത്തിറങ്ങുന്നത്. ഇതിന് മുന്നോടിയായി, ചിത്രത്തിന്റെ ആഗോള പ്രയാണത്തിന് തുടക്കം കുറിച്ചുകൊണ്ടുള്ള ‘പ്രഥം സങ്കല്‍പ്’ ചടങ്ങും ട്രെയിലറിന്റെ പ്രത്യേക പ്രിവ്യൂവും ന്യൂഡല്‍ഹിയില്‍ വെച്ച് നടന്നു. 2026 ദീപാവലി റിലീസായി രണ്ട് ഭാഗങ്ങളുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ആദ്യ ഭാഗം തിയേറ്ററുകളിലെത്തും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരനിരയെ അണിനിരത്തിയാണ് ചിത്രം ഒരുങ്ങുന്നത്. രണ്‍ബീര്‍ കപൂര്‍ ശ്രീരാമനായി വേഷമിടുന്നു. സായ് പല്ലവി സീതാദേവിയായി എത്തുന്നു. ചിത്രത്തിന്റെ സഹനിര്‍മ്മാതാവ് കൂടിയായ കന്നഡ സൂപ്പര്‍താരം യഷ് ശക്തനായ രാവണനെ അവതരിപ്പിക്കുന്നു.

സണ്ണി ഡിയോള്‍ ഹനുമാന്റെ വേഷത്തില്‍ സര്‍പ്രൈസ് സാന്നിധ്യമായി ചിത്രത്തിലുണ്ടാകും. മലയാളത്തിന്റെ പ്രിയനടി ശോഭന കൈകേയിയായി വേഷമിടുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൂരദര്‍ശന്‍ രാമായണത്തില്‍ ശ്രീരാമനായി തിളങ്ങിയ അരുണ്‍ ഗോവില്‍ ഈ ചിത്രത്തില്‍ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു.ലക്ഷമണനായി രവി ദുബെയും, ശൂര്‍പ്പണഖയായി രാകുല്‍ പ്രീത് സിംഗും, വിശ്വാമിത്ര മഹര്‍ഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാല്‍ കപൂറും വേഷമിടുന്നു. ‘ദംഗല്‍’ എന്ന ചിത്രത്തിലൂടെ ആഗോള ബോക്‌സ് ഓഫീസില്‍ ചരിത്രം സൃഷ്ടിച്ച നിതേഷ് തിവാരിയാണ് രാമായണം സംവിധാനം ചെയ്യുന്നത്.

പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ പ്രമുഖ വിഷ്വല്‍ ഇഫക്റ്റ്‌സ് സ്റ്റുഡിയോയായ ഡിഎന്‍ഇജി, യഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സ് എന്നിവര്‍ സംയുക്തമായാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഓസ്‌കാര്‍ ജേതാക്കളായ ഹാന്‍സ് സിമ്മറും എ.ആര്‍. റഹ്‌മാനും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത് എന്നത് സിനിമയുടെ മറ്റൊരു പ്രധാന ആകര്‍ഷണമാണ്. ഇന്ത്യയുടെ മഹത്തായ സാംസ്‌കാരിക പൈതൃകത്തെ അതിന്റെ എല്ലാ ആധികാരികതയോടും സാങ്കേതിക മികവോടും കൂടി ആഗോള വേദിയില്‍ എത്തിക്കുകയാണ് ഈ ചിത്രത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് നിര്‍മ്മാതാവ് നമിത് മല്‍ഹോത്രയും സംവിധായകന്‍ നിതേഷ് തിവാരിയും വ്യക്തമാക്കി. പി ആര്‍ ഒ :ആതിര ദില്‍ജിത്ത്.

Leave a Reply

Your email address will not be published. Required fields are marked *