ഫുട്ബോൾ ലോകത്ത് വീണ്ടും വിസ്മയം തീർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ. സൗദി പ്രോ ലീഗിൽ അൽ ഖൊലൂദിനെതിരായ മത്സരത്തിൽ വെറും 15 മിനിറ്റിനുള്ളിൽ ഹാട്രിക് നേടിയതോടെ കരിയറിലെ 1000 ഗോളുകൾ എന്ന ചരിത്രനേട്ടത്തിലേക്ക് താരം കൂടുതൽ അടുത്തെത്തി. മത്സരത്തിൽ അൽ നസ്റിനെ 5-3ന്റെ വിജയത്തിലേക്ക് നയിച്ചതും റൊണാൾഡോയുടെ മിന്നും പ്രകടനമാണ്.ആദ്യ പകുതിയിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി സമനിലയിൽ പിരിഞ്ഞിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ കളിയുടെ നിയന്ത്രണം ഏറ്റെടുത്തത് റൊണാൾഡോയായിരുന്നു. 66, 72 മിനിറ്റുകളിൽ തുടർച്ചയായി ഗോൾ നേടിയ താരം 81-ാം മിനിറ്റിൽ ഹാട്രിക്കും പൂർത്തിയാക്കി.
ഇതോടെ കരിയറിലെ ആകെ ഗോളുകളുടെ എണ്ണം 985 ആയി ഉയർന്നു.1000 ഗോളുകൾ എന്ന അപൂർവ നേട്ടത്തിലെത്താൻ ഇനി 15 ഗോളുകൾ മാത്രം. ഫുട്ബോൾ കരിയറിൽ ഈ ലക്ഷ്യം സ്വന്തമാക്കണമെന്ന ആഗ്രഹം റൊണാൾഡോ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഫിറ്റ്നസ് നിലനിർത്താനും പരിക്കുകൾ ഒഴിവാക്കാനുമാണ് പ്രധാന ശ്രദ്ധയെന്നും താരം പറഞ്ഞിരുന്നു.അൽ നസ്റിനായി 2023ൽ എത്തിയ ശേഷം റൊണാൾഡോ നേടുന്ന ഏഴാമത്തെ ഹാട്രിക്കാണിത്. കരിയറിലെ ഹാട്രിക്കുകളുടെ എണ്ണം ഇതോടെ 67 ആയി. റയൽ മഡ്രിഡിനായി 44 ഹാട്രിക്കുകളും പോർച്ചുഗൽ ദേശീയ ടീമിനായി പത്ത് ഹാട്രിക്കുകളും താരം നേടിയിട്ടുണ്ട്.മറ്റൊരു പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്. B.O.A.T. പുരസ്കാരം സ്വന്തമാക്കിയതിന് പിന്നാലെയാണ് റൊണാൾഡോയുടെ ഈ തകർപ്പൻ പ്രകടനം.
ആരാധകരുടെ വോട്ടെടുപ്പിൽ ലയണൽ മെസ്സിയുടെ 2012ലെ പ്രകടനത്തെ മറികടന്നാണ് 2008ലെ തന്റെ പ്രകടനത്തിന് റൊണാൾഡോ ഈ അംഗീകാരം നേടിയത്.ഈ വിജയത്തോടെ സൗദി പ്രോ ലീഗ് പോയിന്റ് പട്ടികയിൽ അൽ നസ്റിന്റെ കിരീടപ്പോരാട്ടവും കൂടുതൽ ശക്തമായി. 28 പോയിന്റുമായി ഒന്നാം സ്ഥാനത്തുള്ള അൽ ഖാദിസിയയുമായി ഒപ്പമെത്തിയിരിക്കുകയാണ് ടീം. എന്നാൽ ഒരു മത്സരം കുറവാണ് അൽ നസ്റിന് കളിക്കാനുള്ളത്.41-ാം വയസ്സിലും ഗോളടിയിൽ കുറവില്ലെന്ന് വീണ്ടും തെളിയിക്കുകയാണ് റൊണാൾഡോ. ഇനി ആരാധകർ ഉറ്റുനോക്കുന്നത് ആ ചരിത്ര നിമിഷത്തിലേക്കാണ്. 1000 ഗോളുകൾ എന്ന നേട്ടം റൊണാൾഡോ എപ്പോൾ സ്വന്തമാക്കും.



