തിരുവനന്തപുരം : ലേലത്തിലൂടെ കരുത്തുറ്റൊരു ടീമിനെ സ്വന്തമാക്കി കെസിഎല്ലിൽ ശക്തമായൊരു തിരിച്ചുവരവിനൊരുങ്ങി ട്രിവാൻഡ്രം റോയൽസ്. അനുവദിക്കപ്പെട്ട 50 ലക്ഷം രൂപയും പൂർണ്ണമായി വിനിയോഗിച്ച്, ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരേപോലെ സന്തുലിതമായൊരു നിരയെയാണ് റോയൽസ് ഇത്തവണ കെട്ടിപ്പടുത്തിരിക്കുന്നത്. 16 പേരടങ്ങുന്ന ടീമാണ് ഇത്തവണ റോയൽസിന്റേത്. കൃത്യമായ തയ്യാറെടുപ്പോടെയായിരുന്നു ഇത്തവണ ട്രിവാൻഡ്രം റോയൽസ് ലേലത്തിനെത്തിയത്. കഴിഞ്ഞ സീസണിൽ ടീമിനായി തിളങ്ങിയ കൃഷ്ണ പ്രസാദിനെയും ഗോവിന്ദ് ദേവ് പൈയെയും വി. അജിത്തിനെയും ടീം നേരത്തെ തന്നെ നിലനിർത്തിയിരുന്നു. ലേലത്തിന്റെ തുടക്കത്തിൽ തന്നെ വിഷ്ണു വിനോദിനെ ടീമിലെത്തിച്ച് ബാറ്റിങ് നിര കൂടുതൽ ശക്തിപ്പെടുത്തി. കൃഷ്ണ പ്രസാദും, ഗോവിന്ദ് ദേവ് പൈയും, വിഷ്ണു വിനോദും ചേരുമ്പോൾ ടൂർണമെന്റിലെ തന്നെ ഏറ്റവും മികച്ച മുൻനിരകളിൽ ഒന്നാണ് റോയൽസിന്റേത്. വിഷ്ണു വിനോദിന്റെ സാന്നിധ്യം വിക്കറ്റ് കീപ്പിങ് മേഖലയ്ക്കും കരുത്ത് പകരും. ഉജ്വൽ കൃഷ്ണ, ഭരത് സൂര്യ എന്നിവരും വിക്കറ്റ് കീപ്പർമാരായി ടീമിലുണ്ട്.
കെ.സി.എൽ ലേലത്തിൽ തിളങ്ങി ട്രിവാൻഡ്രം റോയൽസ്
