തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബർ 15-ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. ഒക്ടോബർ 18 വരെ വിവിധ ജില്ലകളിൽ യെല്ലോ അലേർട്ടും നിലവിലുണ്ട്.
ഇന്ന് ഉച്ചയോടെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നാളെ മുതൽ മഴയുടെ തീവ്രത വർധിക്കുമെന്നാണ് മുന്നറിയിപ്പ്.
ഓറഞ്ച് അലേർട്ട്
ഒക്ടോബർ 15-ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.
24 മണിക്കൂറിനുള്ളിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്.
യെല്ലോ അലേർട്ട്
- ഒക്ടോബർ 15: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്.
- ഒക്ടോബർ 16: പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്.
- ഒക്ടോബർ 17: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം.
- ഒക്ടോബർ 18: പത്തനംതിട്ട, കോട്ടയം, ഇടുക്കി.
പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ എന്നിവയ്ക്ക് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശങ്ങൾ ലഭിച്ചാൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണം. അണക്കെട്ടുകളുടെ താഴ്വാരങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ അപകടസാധ്യത കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.



