മദ്യലഹരിയില്‍ ബസ് ഓടിച്ച കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവര്‍ പിടിയില്‍

കോട്ടയം: കോട്ടയത്ത് മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ഡ്രൈവർ പിടിയിൽ. കോട്ടയം പൂഞ്ഞാര്‍ സ്വദേശി ജോര്‍ജുകുട്ടി ആണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് അഞ്ചോടെ മടക്കത്താനത്ത് വെച്ചാണ് സംഭവം നടന്നത്. പാലായില്‍ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ബസിന്റെ ഡ്രൈവിങ്ങില്‍ യാത്രക്കാര്‍ക്ക് നേരത്തെ തന്നെ അസ്വാഭാവികത തോന്നിയിരുന്നു. തൊടുപുഴ പിന്നിട്ടതോടെ അപകടസാധ്യത മനസ്സിലാക്കിയ യാത്രക്കാര്‍ മടക്കത്താനത്ത് വെച്ച് ബസ് നിര്‍ത്തിക്കുകയായിരുന്നു.

ബസ് തടഞ്ഞതില്‍ പ്രകോപിതനായ ഡ്രൈവര്‍ പുറത്തിറങ്ങി ഷര്‍ട്ട് ഊരിയെറിഞ്ഞ് റോഡില്‍ കിടന്ന് പ്രതിഷേധിക്കുകയും, ചോദ്യം ചെയ്ത നാട്ടുകാരോട് അസഭ്യം പറയുകയും ചെയ്തു. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ വാഴക്കുളം പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. മദ്യപിച്ചതിന്റെ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് ഡ്രൈവറെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. ബസ് പൊലീസ് കസ്റ്റഡിയിലെടുക്കുകയും കോഴിക്കോട്ടേക്ക് പോകേണ്ടിയിരുന്ന യാത്രക്കാര്‍ക്ക് മറ്റ് വാഹനങ്ങളില്‍ യാത്ര തുടരാന്‍ സൗകര്യമൊരുക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *