സൗത്ത് കാലിഫോർണിയ: ലോസ് ഏഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഭൂചലനത്തെത്തുടർന്ന് ഡെൽറ്റ എയർ ലൈൻസ് വിമാനം ലാൻഡിംഗ് ഉപേക്ഷിച്ചു. റിക്ടർ സ്കെയിലിൽ 5.0 തീവ്രത രേഖപ്പെടുത്തിയ ശക്തമായ പ്രകമ്പനം അനുഭവപ്പെട്ട സാഹചര്യത്തിൽ, വിമാനം ആകാശത്ത് തുടരാൻ എയർ ട്രാഫിക് കൺട്രോൾ നിർദ്ദേശിക്കുകയായിരുന്നു. സംഭവത്തിൽ വലിയ നാശനഷ്ടങ്ങളോ ഗുരുതര പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ലാൻ്റ് ചെയ്യാനൊരുങ്ങിയ ഡെൽറ്റ ഫ്ലൈറ്റ് 1972 ഇതോടെ ലാൻഡിംഗ് ഉപേക്ഷിച്ച് ഉയർന്നുപൊങ്ങുകയായിരുന്നു. പിന്നീട് ഒരു മണിക്കൂറും 13 മിനിറ്റും വൈകിയാണ് വിമാനം ലാൻ്റ് ചെയ്തത്. മാൻഹട്ടൻ ബീച്ചിന് ഏകദേശം 5 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സാന്താ മോണിക്ക ഉൾക്കടലിന് താഴെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കൽ സർവേ അറിയിച്ചു. ഏകദേശം 12 മുതൽ 13 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനം. വിമാനത്താവളത്തിന്റെ ഒരു ടെർമിനലിനുള്ളിൽ സീലിംഗ് ടൈലുകൾ വീണതായി റിപ്പോർട്ടുകളുണ്ട്.
സീലിംഗ് ഫിക്സ്ചറുകളും മറ്റും കുലുങ്ങുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തുടർചലനങ്ങൾക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് അറിയിപ്പുണ്ട്. പ്രാദേശിക ഉദ്യോഗസ്ഥരുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയാണെന്ന് കാലിഫോർണിയ ഗവർണറുടെ ഓഫീസ് ഓഫ് എമർജൻസി സർവീസസ് അറിയിച്ചു. ഇപ്പോഴത്തെ ഭൂചലനത്തിൽ സുനാമി ഭീഷണിയോ അപായമോ ഇല്ലെന്ന് യു.എസ് നാഷണൽ സുനാമി വാണിംഗ് സെന്റർ വ്യക്തമാക്കി.
