ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുൻപ് സോണിയ ​ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ?

ന്യൂഡൽഹി: പൗരത്വം നേടുന്നതിന് മുൻപേ കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധിയുടെ പേര് വോട്ടർ പട്ടികയിൽ ഉണ്ടായിരുന്നതായി ഡൽഹി പൊലീസിന്റെ റിപ്പോർട്ട്. 1983 ഏപ്രിൽ 30-നാണ് സോണിയ ​ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചതെങ്കിലും 1980 മുതൽ സോണിയ ​ഗാന്ധിയുടെ പേര് ഡൽഹിയിലെ വോട്ടർപട്ടികയിലുണ്ടെന്നാണ് ഡൽഹി പൊലീസ് റോസ് അവന്യൂ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തോട് സോണിയ ​ഗാന്ധി സഹകരിക്കുന്നില്ലെന്നും പൊലീസ് പറഞ്ഞു. അന്വേഷണത്തിനായി കൂടുതൽ സമയവും തേടി.

ഡൽഹി ഐപി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒയാണ് സോണിയ ​ഗാന്ധിക്കെതിരായ പരാതിയിൽ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. 1980, 1981, 1982, 1983 എന്നീ വർഷങ്ങളിലെ വോട്ടർ പട്ടികയിൽ സോണിയ ​ഗാന്ധിയുടെ പേരുണ്ടായിരുന്നതായാണ് അന്വേഷണ ഉദ്യോ​ഗസ്ഥൻ കോടതിയിൽ നൽകിയ റിപ്പോർട്ടിലുള്ളത്. 1983 ഏപ്രിൽ 30-നാണ് സോണിയ ​ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ലഭിച്ചത്. അതുവരെ സോണിയ ​ഗാന്ധി ഇറ്റാലിയൻ പൗരയായിരുന്നുവെന്ന് ജില്ലാ മജിസ്ട്രേറ്റിൽനിന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിൽനിന്നും ലഭിച്ച വിവരങ്ങളിൽ സ്ഥിരീകരിക്കുന്നുണ്ടെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്.

അതേസമയം, സോണിയ ​ഗാന്ധിക്കെതിരായ പരാതി തങ്ങളുടെ അധികാരപരിധിയിൽ വരുന്നതല്ലെന്നും അതിനാൽ തു​ഗ്ലക് റോഡ് പൊലീസ് സ്റ്റേഷനിലേക്ക് പരാതി കൈമാറിയതായും ഐപി എസ്റ്റേറ്റ് എസ്എച്ച്ഒ കോടതിയെ അറിയിച്ചു. കേസിൽ അന്വേഷണം പൂർ‍ത്തിയാക്കാൻ പൊലീസിന് കൂടുതൽ സമയം അനുവദിച്ച കോടതി, തു​ഗ്ലക് റോഡ് എസ്എച്ച്ഒയോട് ഹാജരാകാനും ആവശ്യപ്പെട്ടു. ഹർജി ഇനി ഡിസംബർ 14-ന് വീണ്ടും പരി​ഗണിക്കും.

Leave a Reply

Your email address will not be published. Required fields are marked *