തിരുവനന്തപുരം: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയ ഇ എൻ സുരേഷ് ബാബുവിനെതിരെ കടുത്ത നടപടി വേണമെന്ന ആവശ്യവുമായി പാർട്ടിയിലെ വനിതാ നേതാക്കൾ. കെ കെ ശൈലജ, പി കെ ശ്രീമതി, സി എസ് സുജാത തുടങ്ങിയ നേതാക്കളാണ് ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇന്ന് ആരംഭിക്കുന്ന മൂന്ന് ദിവസം നീളുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ വിഷയം ചർച്ചയായേക്കും.
സുരേഷ് ബാബുവിനെതിരെ ഉയർന്ന പരാതികളിൽ വസ്തുതയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നാണ് വനിതാ നേതാക്കളുടെ നിലപാട്. ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതുകൊണ്ടുമാത്രം നടപടി പൂർത്തിയാകില്ലെന്നും സംസ്ഥാന കമ്മിറ്റി അംഗത്വത്തിൽനിന്ന് ഉൾപ്പെടെ മാറ്റിനിർത്തുന്ന കാര്യം പരിഗണിക്കണമെന്നുമാണ് ആവശ്യം.
വിഷയം സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ചയാകുമ്പോൾ കൃത്യമായ നിലപാട് അറിയിക്കുമെന്ന് കെ കെ ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. പി കെ ശ്രീമതി ഉൾപ്പെടെയുള്ള നേതാക്കളും പരോക്ഷമായി കടുത്ത നടപടി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. സെക്രട്ടേറിയറ്റിൽ തന്നെ നടപടിയിൽ തീരുമാനമെടുത്ത് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം നേടണമെന്നാണ് വനിതാ നേതാക്കൾ ആവശ്യപ്പെടുന്നത്.
നിലവിൽ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗമാണ് ഇ എൻ സുരേഷ് ബാബു. പാർട്ടിയിലെ ഉയർന്ന പദവിയിലിരിക്കുന്ന ഒരാൾക്കെതിരെ പരാതി ഉയർന്ന സാഹചര്യത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിയതുമാത്രം മതിയാകില്ലെന്നാണ് വനിതാ നേതാക്കളുടെ നിലപാട്.
അതേസമയം, പരാതി അന്വേഷിക്കാൻ കമ്മീഷനെ നിയോഗിച്ചശേഷം തുടർനടപടി സ്വീകരിക്കാമെന്ന നിലപാടിലായിരുന്നു സംസ്ഥാന നേതൃത്വം. വനിതാ നേതാക്കൾ ശക്തമായി നിലപാടിൽ ഉറച്ചുനിന്നാൽ കൂടുതൽ കടുത്ത നടപടികളിലേക്ക് പാർട്ടി നീങ്ങിയേക്കുമെന്നാണ് സൂചന.
എന്നാൽ, സുരേഷ് ബാബുവിനെതിരെ പരാതി ലഭിച്ചതായി എം വി ഗോവിന്ദൻ ഉൾപ്പെടെയുള്ള നേതാക്കൾ ഇതുവരെ പരസ്യമായി സ്ഥിരീകരിച്ചിട്ടില്ല. ആരോഗ്യപ്രശ്നങ്ങളെ തുടർന്നാണ് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം. പരാതിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിൽ പാർട്ടി നേതൃത്വം എന്ത് നിലപാട് സ്വീകരിക്കുമെന്നതാണ് ഇനി നിർണായകം.



