മണ്ഡല പുനർനിർണയ ബിൽ: സ്റ്റാലിനെ അനുനയിപ്പിക്കാൻ രാഹുലും സോണിയയും മമതയും; അവസാനവട്ട നീക്കവുമായി ഇന്ത്യാ മുന്നണി

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ മണ്ഡല പുനർനിർണയ നീക്കത്തിനെതിരെ പ്രതിപക്ഷ ഐക്യം ഉറപ്പാക്കാൻ അവസാനവട്ട ശ്രമവുമായി ഇന്ത്യാ മുന്നണി നേതാക്കൾ. ഡിഎംകെ അധ്യക്ഷനും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനെ അനുനയിപ്പിക്കാൻ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, മല്ലികാർജുൻ ഖാർഗെ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവർ ചെന്നൈയിലെത്തി കൂടിക്കാഴ്ച നടത്താൻ തീരുമാനിച്ചു. ബില്ലിനെ പിന്തുണയ്ക്കുമെന്ന ഡിഎംകെയുടെ പ്രഖ്യാപനം പ്രതിപക്ഷ ക്യാമ്പിൽ വലിയ ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിലാണ് ഈ നീക്കം.

മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകൾ തിങ്കളാഴ്ച പാർലമെന്റിൽ പരിഗണിക്കാനിരിക്കെയാണ് പ്രതിപക്ഷ നേതാക്കളുടെ നീക്കം. ഡിഎംകെയ്ക്ക് പുറമെ എൻസിപി (ശരദ് പവാർ) വിഭാഗവും ബില്ലിനെ പിന്തുണയ്ക്കുമെന്ന നിലപാട് സ്വീകരിച്ചതോടെ ഇന്ത്യാ മുന്നണിക്കുള്ളിൽ ഭിന്നത രൂക്ഷമായി. ഈ സാഹചര്യത്തിൽ ഇരു പാർട്ടികളുടെയും നിലപാട് മാറ്റുകയാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ലക്ഷ്യം. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയശേഷം നേതാക്കൾ മുംബൈയിലെത്തി ശരദ് പവാറിനെയും കാണും. ശിവസേന (യുബിടി) അധ്യക്ഷൻ ഉദ്ധവ് താക്കറെയും ചർച്ചയിൽ പങ്കുചേരുമെന്നാണ് റിപ്പോർട്ടുകൾ.

രാഹുൽ ഗാന്ധി എക്‌സിലൂടെയാണ് സ്റ്റാലിനോട് ബില്ലിനെ എതിർക്കാൻ അഭ്യർത്ഥിച്ചത്. ലോക്‌സഭയിലെ അംഗബലം 850 ആയി ഉയർത്താനുള്ള നീക്കം രാജ്യത്തെ ജനാധിപത്യത്തെ ബാധിക്കുമെന്നും ബിജെപി-ആർഎസ്എസ് നേതൃത്വത്തിന് രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് ഭൂപടം തങ്ങൾക്ക് അനുകൂലമായി പുനർനിർണയിക്കാൻ അവസരം നൽകുമെന്നും രാഹുൽ ആരോപിച്ചു. തമിഴ് വിരുദ്ധ ശക്തികൾക്കെതിരെ എന്നും ഉറച്ചുനിന്ന നേതാവാണ് സ്റ്റാലിനെന്നും ദേശീയ താൽപര്യത്തിനും തമിഴ്നാടിന്റെ താൽപര്യത്തിനും ഭരണഘടനാ സംരക്ഷണത്തിനുമായി ബില്ലിനെ ഒരുമിച്ച് പരാജയപ്പെടുത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു.

എന്നാൽ രാഹുലിന്റെ അഭ്യർത്ഥനയ്ക്ക് മറുപടിയായി നിലപാടിൽ ഉറച്ചുനിൽക്കുന്നതിന്റെ സൂചനയാണ് സ്റ്റാലിൻ നൽകിയത്. ഡിഎംഡിയുടെ ചരിത്രപരമായ പങ്ക് അംഗീകരിച്ചതിന് രാഹുലിന് നന്ദി അറിയിച്ച സ്റ്റാലിൻ, തമിഴ്നാടിന്റെയും തമിഴ് ജനതയുടെയും താൽപര്യങ്ങൾക്കാണ് എല്ലാ തീരുമാനങ്ങളിലും മുൻഗണനയെന്ന് വ്യക്തമാക്കി. ഈ നിലപാടിൽ വിട്ടുവീഴ്ചയുണ്ടാകില്ലെന്നും ചരിത്രം തങ്ങളെ വീരപാണ്ഡ്യ കട്ടബൊമ്മന്മാരായിട്ടായിരിക്കും വിലയിരുത്തുകയെന്നും എട്ടപ്പന്മാരായിട്ടല്ലെന്നും സ്റ്റാലിൻ പ്രതികരിച്ചു. ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ തമിഴ് ഭരണാധികാരിയാണ് കട്ടബൊമ്മൻ. വഞ്ചകനെ സൂചിപ്പിക്കാനാണ് എട്ടപ്പൻ എന്ന പ്രയോഗം ഉപയോഗിക്കുന്നത്.

മണ്ഡല പുനർനിർണയ ബില്ലിനെ പിന്തുണയ്ക്കാനുള്ള തീരുമാനം ഡിഎംകെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തമിഴ്നാടിന്റെ ലോക്‌സഭാ പ്രാതിനിധ്യത്തിൽ നിലവിലുള്ള 7.18 ശതമാനം വിഹിതം കുറയരുതെന്നും 1971ലെ സെൻസസ് അടിസ്ഥാനമാക്കിയുള്ള സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റുവിഹിത അനുപാതം അടുത്ത 25 വർഷത്തേക്ക് നിലനിർത്തണമെന്നും പാർട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. ഈ നിബന്ധനകൾ അംഗീകരിക്കപ്പെട്ടതോടെയാണ് ബില്ലിനെ പിന്തുണയ്ക്കാൻ തീരുമാനിച്ചതെന്നാണ് ഡിഎംകെ വിശദീകരണം. 22 ലോക്‌സഭാ അംഗങ്ങളുള്ള ഡിഎംകെയുടെ നിലപാട് ബിൽ പാസാക്കുന്നതിൽ നിർണായകമാണ്.

അതേസമയം, എൻസിപി (ശരദ് പവാർ) വിഭാഗവും ബില്ലിനെ പിന്തുണയ്ക്കുമെന്ന നിലപാട് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷത്തിന്റെ സംയുക്ത നീക്കത്തിന് തിരിച്ചടിയാകുന്ന ഈ സാഹചര്യത്തിൽ അവസാനവട്ട ചർച്ചകളിലൂടെ സഖ്യകക്ഷികളെ ഒരുമിപ്പിക്കാനാകുമോ എന്നതാണ് രാഷ്ട്രീയ ശ്രദ്ധാകേന്ദ്രം. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് തൊട്ടുമുമ്പുള്ള ഈ കൂടിക്കാഴ്ചകൾ ഇന്ത്യാ മുന്നണിയുടെ ഐക്യത്തിനും നിർണായക പരീക്ഷണമായി മാറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *