ശബരിമല തീര്‍ത്ഥാടകര്‍ക്ക് സേവനങ്ങൾ എളുപ്പത്തില്‍ ലഭ്യമാക്കി ‘ശബരി’ പോര്‍ട്ടല്‍

പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ വിവരങ്ങളും സേവനങ്ങളും എളുപ്പത്തില്‍ ലഭ്യമാക്കി ‘ശബരി’ പോര്‍ട്ടല്‍ മാതൃകയാവുന്നു. ദര്‍ശന സമയം, ബസ്, ട്രെയിന്‍ സമയക്രമങ്ങള്‍, കാലാവസ്ഥ, വഴികാട്ടികള്‍, ശബരി മാപ്പ് എന്നിവ വിരല്‍ത്തുമ്പില്‍ ലഭിക്കാന്‍ പോര്‍ട്ടല്‍ സഹായിക്കുന്നു. കൂടാതെ ശബരി ചാറ്റ്‌ബോട്ട്, വാട്‌സ്ആപ്പ് ഹെല്‍പ്പ് ഡെസ്‌ക്, പരാതി പരിഹാരം, കാണാതായവരെ കണ്ടെത്താനുള്ള സംവിധാനം, വാഹന തകരാര്‍ പരിഹാര സഹായം, ആരോഗ്യ സേവനങ്ങള്‍ എന്നിവയും ഇതിലൂടെ ലഭ്യമാണ്.

ഗതാഗതം, വനം, വന്യജീവി, ജലസേചനം തുടങ്ങിയ ഏകദേശം 60-ഓളം വിവിധ സേവനങ്ങള്‍ക്കൊപ്പം ഉദ്യോഗസ്ഥ വിന്യാസം, ഹാജര്‍ വിവരങ്ങള്‍, ശുചീകരണം, മേല്‍നോട്ടം എന്നിവയും ഒരുകുടക്കീഴില്‍ ഒരുക്കിയിട്ടുണ്ട്. മണ്ഡല-മകരവിളക്ക് കാലത്ത് ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ക്കും ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ക്കും ഏറെ ഉപകാരപ്രദമായ ഈ പോര്‍ട്ടല്‍, ഭരണകേന്ദ്രങ്ങളില്‍ സ്ഥിരം സംവിധാനമായി ഉപയോഗിക്കാന്‍ കഴിയുന്നത്ര മികച്ചതാണെന്ന് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നു. 60 ലക്ഷം തീര്‍ത്ഥാടകരെ പ്രതീക്ഷിച്ച് ആരംഭിച്ച പോര്‍ട്ടലില്‍ ആദ്യ പത്ത് ദിവസത്തിനുള്ളില്‍ തന്നെ 20 ലക്ഷം പേര്‍ എത്തിക്കഴിഞ്ഞു.

മൊബൈല്‍ ഫോണില്‍ വേഗത്തില്‍ തുറക്കാവുന്ന തരത്തിലുള്ള ഹോം പേജ് ക്രമീകരണം മുതല്‍ വേഗത്തിലുള്ള സേവനങ്ങള്‍ വരെ പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്. അപേക്ഷകള്‍ ഏത് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നതെന്ന് വേഗത്തില്‍ കണ്ടെത്തി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറാനും നിശ്ചിത സമയത്തിനുള്ളില്‍ തീര്‍പ്പാക്കി പരാതിക്കാരെ അറിയിക്കാനും ഇതിലൂടെ സാധിക്കും. സര്‍ക്കാര്‍ വകുപ്പുകള്‍ക്കായി കോടികള്‍ ചെലവഴിച്ച് പോര്‍ട്ടലുകള്‍ നിര്‍മ്മിക്കുമ്പോഴാണ്, റവന്യൂ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥര്‍ യാതൊരു ചെലവുമില്ലാതെ ശബരി പോര്‍ട്ടല്‍ നിര്‍മ്മിച്ച് നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *