കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി ചാലക്കുടിയില്‍ സ്മാരകം ഉയരും

തൃശ്ശൂർ: നാടന്‍ പാട്ടിനെ ജനകീയകലയാക്കി മാറ്റിയ അതുല്യപ്രതിഭ നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മയ്ക്കായി ചാലക്കുടിയില്‍ സ്മാരകം ഉയരും ഡിസംബർ അഞ്ചിന് സ്മാരകത്തിന്റെ നിര്‍മാണം തുടങ്ങും. സാംസ്കാരിക വകുപ്പ് മന്ത്രി P. C വിഷ്ണുനാഥ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. ഫോക്‌ലോർ അക്കാദമി ഭാരവാഹികൾ നിർമാണ സ്ഥലം സന്ദര്‍ശിച്ചു. സാംസ്കാരിക വകുപ്പാണ് സ്മാരക മന്ദിരം പണിയുന്നത്. ചാലക്കുടി ദേശീയപാതയോരത്താണ് സ്മാരകം ഉയരുക.

മൂന്നു കോടി രൂപ ചെലവിട്ടാണ് സ്മാരകം പണിയുന്നത്. മുന്‍ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നിർമാണോദ്ഘാടനം നടത്തിയെങ്കിലും പണി തുടങ്ങിയിരുന്നില്ല. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഇതു യാഥാര്‍ഥ്യമാകുന്നത്. ഫോക്‌ലോർ അക്കാമദി ചെയർമാനും പ്രതിനിധികളും ചാലക്കുടിയിലെത്തി നഗരസഭ ചെയർപേഴ്സനുമായി ചർച്ച ചെയ്തു. കോഴിക്കോട് ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കാണ് നിർമാണ ചുമതല. 6722 ചതുരശ്ര അടി വിസ്തീർണ്ണമുണ്ടാകും. കലാഭവൻ മണി സ്മാരക പഠന ഗവേഷണ കേന്ദ്രത്തിൽ ആർട്ട് ഗാലറി, ഡിജിറ്റൽ മ്യൂസിയം, മണിയുടെ പ്രതിമ, ലൈബ്രറി, നാടൻ പാട്ടുകളുടെ ശേഖരണവും പ്രദർശനവും ഒരുക്കും.

ഓഡിറ്റോറിയം, സ്റ്റുഡിയോ, കലാപഠനത്തിനുള്ള സൗകര്യം എന്നിവ വിഭാവനം ചെയ്തിട്ടുണ്ട്. ​സാംസ്കാരിക വകുപ്പ് ആവശ്യപ്രകാരം ഗവ: ബോയ്സ് സ്‌കൂളിൻ്റെ പഴയ മൈതാനമായിരുന്ന ഭൂമിയിൽ നിന്ന് 20 സെൻ്റ് ഭൂമി ആദ്യഘട്ടത്തിൽ കൈമാറിയിരുന്നു. സ്ഥലത്തിന്‍റെ പോരായ്മ കാരണം പതിനഞ്ചു സെന്‍റ് ഭൂമി കൂടി നല്‍കി. ആറു മാസത്തിനകം പണി പൂര്‍ത്തിയാക്കും.

Leave a Reply

Your email address will not be published. Required fields are marked *