ഭരണതാൽപര്യത്തിന് മുകളിൽ പാർട്ടി താൽപര്യം വന്നാൽ വനിതാശാക്തീകരണം തകരും; പ്രതിപക്ഷത്തിനെതിരെ മോദി

ന്യൂഡൽഹി: പാർട്ടി താൽപര്യങ്ങൾക്ക് ദേശീയ താൽപര്യത്തേക്കാൾ പ്രാധാന്യം നൽകുമ്പോൾ വനിതാശാക്തീകരണവും രാജ്യതാൽപര്യവും ഒരുപോലെ ദോഷകരമായി ബാധിക്കപ്പെടുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ബില്ലുകൾ ചർച്ച ചെയ്യാൻ ലോക്‌സഭയുടെ പ്രത്യേക സമ്മേളനം ചേരാനിരിക്കെയാണ് പ്രതിപക്ഷത്തിനെതിരെ മോദിയുടെ വിമർശനം.

വനിതകൾക്ക് നിയമനിർമാണ സഭകളിൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള പോരാട്ടം പതിറ്റാണ്ടുകളായി തുടരുകയാണെന്ന് വീഡിയോ സന്ദേശത്തിൽ മോദി പറഞ്ഞു. വനിതാ സംവരണത്തിനായുള്ള ബിജെപി-എൻഡിഎയുടെ പ്രതിജ്ഞയിൽ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ദേശീയ താൽപര്യത്തിനാണ് തങ്ങൾ മുൻഗണന നൽകുന്നത്. എന്നാൽ ചിലർക്ക് പാർട്ടി താൽപര്യം മാത്രമാണ് പ്രധാനമാകുന്നത്. അത്തരം സാഹചര്യങ്ങളിൽ വനിതാശാക്തീകരണവും ദേശീയ താൽപര്യവും ഒരുപോലെ തിരിച്ചടി നേരിടും. നാരീശക്തി വന്ദൻ ഭേദഗതി കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മോദി പറഞ്ഞു.

ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഭരണഘടനാ ഭേദഗതി ബില്ലുകളും മണ്ഡല പുനർനിർണയ ബില്ലുകളുമാണ് രാഷ്ട്രീയ തർക്കത്തിന് വഴിവെച്ചിരിക്കുന്നത്. ലോക്‌സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്താനുള്ള നിർദേശത്തിലും പ്രതിപക്ഷം ആശങ്ക ഉന്നയിച്ചിട്ടുണ്ട്.

മണ്ഡല പുനർനിർണയം സംസ്ഥാനങ്ങളുടെ രാഷ്ട്രീയ പ്രാതിനിധ്യത്തെ ബാധിക്കുമെന്നും ഫെഡറൽ സംവിധാനത്തിന് വെല്ലുവിളിയാകുമെന്നുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന വിമർശനം. ബില്ലുകൾക്കെതിരെ കോൺഗ്രസ് ഉൾപ്പെടെയുള്ള ഇന്ത്യാ മുന്നണി കക്ഷികൾ രംഗത്തെത്തിയിട്ടുണ്ട്.

അതേസമയം, തമിഴ്‌നാടിന്റെ താൽപര്യങ്ങളും സംസ്ഥാനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടിലാണ് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ. രാഹുൽ ഗാന്ധിയുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി പ്രതികരിച്ച സ്റ്റാലിൻ, ഭരണഘടനാ സംരക്ഷണത്തിനും ഫെഡറൽ അവകാശങ്ങൾക്കുമായി നിലകൊള്ളുമെന്ന് വ്യക്തമാക്കി.

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് മുന്നോടിയായി വനിതാ സംവരണവും മണ്ഡല പുനർനിർണയവും ദേശീയ രാഷ്ട്രീയത്തിൽ പുതിയ രാഷ്ട്രീയ പോരാട്ടത്തിന് വഴിയൊരുക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *