സംസ്ഥാനത്ത് പുതിയ മദ്യനയം വരണം; മന്ത്രി എം.ലിജു

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനയം രൂപീകരിച്ച ശേഷ മാത്രമേ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുകയുള്ളുവെന്ന് എക്സൈസ് മന്ത്രി എം. ലിജു. എക്‌സൈസ് വകുപ്പ് മദ്യ വ്യാപനത്തിന് അനുകൂലമല്ല. സംസ്ഥാനത്ത് പുതിയ മദ്യനയം വരേണ്ടതുണ്ട്. ഘട്ടം ഘട്ടമായി മദ്യ ഉപയോഗം കുറച്ച് കൊണ്ടുവരണം എന്നതാണ് സര്‍ക്കാരിന്റെ മദ്യനയമെന്നും അദ്ദേഹം പറഞ്ഞു. മദ്യനയത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ സഭാ സമ്മേളനത്തിന് ശേഷം എക്‌സൈസ് വകുപ്പ് ആരംഭിക്കും. എല്ലാ മേഖലയില്‍പ്പെട്ട ആളുകളുമായി ചര്‍ച്ചചെയ്യും. ശേഷം മദ്യനയം രൂപീകരിക്കും.

അതിനുശേഷം മാത്രമേ വീര്യം കുറഞ്ഞ മദ്യം വില്‍ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കൂവെന്നും യുഡിഎഫിന്റെ നിലപാടും അതുതന്നെയാണെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി കൃത്യമായി നിലപാട് പ്രഖ്യാപിച്ചു. കേരളത്തിലെ ഏത് മദ്യവില്‍പ്പനയ്ക്കും അന്തിമവാക്ക് മദ്യനയമാണ്. വീര്യം കുറഞ്ഞ മദ്യ വില്‍പ്പനയുമായി ബന്ധപ്പെട്ട് മദ്യ നയം വന്നിട്ടേ തീരുമാനം എടുക്കൂ. നികുതി നിശ്ചയിക്കുക മാത്രമാണ് ചെയ്തത്.വീര്യം കുറഞ്ഞ മദ്യം വില്‍ക്കാന്‍ തീരുമാനിച്ചിട്ടില്ല. നികുതി വന്നത് കൊണ്ട് മാത്രം വില്‍ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

മദ്യനയം വരുന്നതിന് മുന്‍പ് വില്‍പ്പനയ്ക്ക് അപേക്ഷ വന്നാല്‍ എക്‌സൈസ് മന്ത്രി എന്ന നിലക്ക് അനുമതി നിഷേധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചതിനെതിരെ മുതിര്‍ന്ന നേതാവ് വി എം സുധീരന്‍ രംഗത്തെത്തിയതിലും മന്ത്രി പ്രതികരിച്ചു. സുധീരന് അദ്ദേഹത്തിന്റെ അഭിപ്രായം പറയാമെന്നും അതില്‍ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു.

ലഹരി ഇന്ന് കേരള സമൂഹത്തിലെ വീടുകളില്‍ എത്തിയെന്നും മന്ത്രി പറഞ്ഞു. ഇതിനെ തകര്‍ക്കണം. കേരള സര്‍ക്കാര്‍ തൂഫാന്‍, തണ്ടര്‍ തുടങ്ങിയ പേരുകളില്‍ ലഹരി പരിശോധനകള്‍ നടത്തുന്നുണ്ട്. 14,700ല്‍ അധികം കേസുകള്‍ ഇതിനോടകം ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി രജിസ്റ്റര്‍ ചെയ്തു. വളരെ പരിമിതമായ ഒരു വകുപ്പ് ആണ് എക്‌സൈസ് വകുപ്പ്. അതിനിടയില്‍ ആണ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്. ദീര്‍ഘകാല അടിസ്ഥാനത്തില്‍ പല പദ്ധതികളും ആവിഷ്‌കരിച്ചുവരികയാണെന്നും മന്ത്രി വ്യക്തമാക്കി. ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായി സംസ്ഥാനത്ത് 14,722 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍ 1,422 കേസുകള്‍ എന്‍ഡിപിഎസ് കേസുകളാണ്. പതിനഞ്ചെണ്ണം കൊമേഷ്യല്‍ കേസുകളാണ്. 2,222 അബ്കാരി കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 185.55 കിലോഗ്രാം കഞ്ചാവാണ് ഇതുവരെ പിടികൂടിയത്. 265 കഞ്ചാവ് ചെടികള്‍ കണ്ടെത്തി. 1,175 ലിറ്റര്‍ വ്യാജ കള്ളും പിടികൂടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *