ജീവനക്കാരെ പിരിച്ചുവിട്ടു; എൽഡിഎഫ് സർക്കാരിന്റെ പദ്ധതി ‘വിജ്ഞാനകേരള’ത്തിന് പൂട്ടിട്ട് സർക്കാർ

പത്തനംതിട്ട: സ്വകാര്യമേഖലയിൽ തൊഴിൽനേടാനും തൊഴിൽ പരിശീലനത്തിനും യുവാക്കളെ സജ്ജരാക്കുന്ന‘വിജ്ഞാനകേരളം’ പദ്ധതി നിലച്ചു. ജില്ലാതലത്തിലും ബ്ലോക്ക്, നഗരസഭാ തലത്തിലുമുള്ള ഉദ്യോഗസ്ഥരെ മേയ് 31-ന് പിരിച്ചുവിട്ടിരുന്നു. ഈ പദ്ധതിയുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് കുടുംബശ്രീ സംസ്ഥാനതലത്തിൽ അഞ്ചംഗ ടീമിനെയും ഓരോ ജില്ലയിലും ഡിസ്ട്രിക്റ്റ് പ്രോഗ്രാം മാനേജറെയും തദ്ദേശസ്ഥാപനങ്ങളിൽ 1,071 കമ്യൂണിറ്റി അംബാസഡർമാരെയും നിയമിച്ചിരുന്നു. ഇവരെല്ലാം ഓഗസ്റ്റ് 31-ന് മുൻപ് പ്രവർത്തനം അവസാനിപ്പിക്കണമെന്ന കെ-ഡിസ്ക് മെമ്പർ സെക്രട്ടറിയുടെ ഉത്തരവ് കഴിഞ്ഞദിവസംവന്നു.

പ്രവർത്തനങ്ങൾ പൂർത്തിയാക്കി ഫണ്ട് വിനിയോഗ സർട്ടിഫിക്കറ്റും അന്തിമറിപ്പോർട്ടും 31-ന് മുൻപ് സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. തൊഴിൽ മേളകൾ സംഘടിപ്പിക്കൽ, തൊഴിലന്വേഷകരെ ഏകോപിപ്പിക്കൽ, ജോബ് സ്റ്റേഷനുകളുടെ പ്രവർത്തനം എന്നിവയായിരുന്നു ഇവരുടെ ചുമതല. പദ്ധതി പുനഃപരിശോധിക്കാൻ പുതിയ സർക്കാർ തീരുമാനിക്കുകയും ബജറ്റ് വിഹിതം കുറയ്ക്കുകയും ചെയ്തതാണ് ജീവനക്കാരെ പിരിച്ചുവിടാൻ കാരണമെന്നാണ് വിവരം.

കഴിഞ്ഞ സർക്കാരിന്റെ അഭിമാനപദ്ധതിയായ വിജ്ഞാനകേരളം വഴി ഒരുവർഷത്തിനിടെ സംസ്ഥാനത്ത് ഒരുലക്ഷത്തോളം പേർക്ക് വിവിധമേഖലയിൽ തൊഴിൽ നേടാനായിട്ടുണ്ട്. വിദേശത്തുൾപ്പെടെ ജോലി നേടിയവരുണ്ട്. തദ്ദേശവകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള നോളജ് ഇക്കോണമി മിഷന്റെ പദ്ധതിയായിരുന്നു വിജ്ഞാനകേരളം. കേരള ഡിവലപ്മെന്റ് ഇന്നവേഷൻ സ്ട്രാറ്റജിക് കൗൺസിലിന്റെ (കെ-ഡിസ്ക്) കീഴിലായിരുന്നു പ്രവർത്തനം.പരീക്ഷണാടിസ്ഥാനത്തിൽ 2024 ഫെബ്രുവരിയിൽ ആരംഭിച്ച ‘വിജ്ഞാന പത്തനംതിട്ട’ വിജയമാണെന്ന് കണ്ടെത്തിയതോടെയാണ് 2025 ഏപ്രിലിൽ പദ്ധതി സംസ്ഥാന വ്യാപകമാക്കിയത്. 2026-27 വർഷത്തോടെ അഞ്ചുലക്ഷംപേർക്കു തൊഴിലും രണ്ടുലക്ഷം വിദ്യാർഥികൾക്കു തൊഴിൽ നൈപുണ്യ പരിശീലനവും നൽകുകയായിരുന്നു ലക്ഷ്യം. 2025-26 ബജറ്റിൽ പദ്ധതിക്കായി 20 കോടി രൂപയും വകയിരുത്തി. വിവിധ ജില്ലകളിൽ മെഗാ തൊഴിൽമേളകളും മിനി ജോബ് ഫെയറും നടത്തിയാണ് പദ്ധതി പേരുനേടിയത്.

കോളേജുകൾ കേന്ദ്രീകരിച്ച് വിദ്യാർഥികളെ പദ്ധതിയിൽ രജിസ്റ്റർചെയ്യിപ്പിക്കുക, കാമ്പസ് പ്ലേസ്മെന്റിലൂടെ ജോലി ഉറപ്പാക്കാനുള്ള പരിശീലനം നൽകുക തുടങ്ങിയ പ്രവർത്തനങ്ങളും നടത്തിയിരുന്നു. പ്രാദേശിക തൊഴിൽ നേടുന്നതിനായി കുടുംബശ്രീയുമായി ചേർന്ന് ‘ഹയർ ദി ബെസ്റ്റ്’ പദ്ധതി തുടങ്ങി വിവിധ ബ്ലോക്കുകളുടെ നേതൃത്വത്തിൽ തൊഴിൽമേളകളും സംഘടിപ്പിച്ചിരുന്നു.സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ സ്വകാര്യ തൊഴിൽമേഖലയിലേക്കുള്ള റിക്രൂട്ട്മെന്റ് സുതാര്യമായും ചെലവില്ലാതെയും നടത്തിയിരുന്ന പദ്ധതി നിർജീവമാക്കിയത് സ്വകാര്യ റിക്രൂട്ട്മെന്റ് ഏജൻസികളെ സഹായിക്കാനാണെന്നാണ് ഉദ്യോഗാർഥികളുടെ ആക്ഷേപം.

Leave a Reply

Your email address will not be published. Required fields are marked *