വിശാല സംസ്ഥാന സമിതിക്ക് മുൻപ് നേതൃയോഗം വിളിച്ച് സിപിഐഎം

തിരുവനന്തപുരം: വിശാല സംസ്ഥാന സമിതിക്ക് മുന്നോടിയായി നേതൃയോഗം വിളിച്ച് സിപിഐഎം. വിശാല സംസ്ഥാന സമിതിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ട് തയാറാക്കുന്നതിനാണ് യോഗം. സംസ്ഥാന സെക്രട്ടേറിയേറ്റിലും സമിതിയിലും ചെറിയതോതിലുളള അഴിച്ചുപണിക്ക് സാധ്യതയുണ്ടെന്നാണ് വിവരം. സെപ്റ്റംബർ 2,3 തീയതികളിൽ ‌സംസ്ഥാന സെക്രട്ടേറിയേറ്റ് ചേർന്ന് കരട് റിപ്പോർട്ട് തയാറാക്കും. 7,8 തീയതികളിലായി നടക്കുന്ന സംസ്ഥാന സമിതി റിപ്പോർട്ടിന് അന്തിമ രൂപം നൽകും.

വിശാല സംസ്ഥാന സമിതിയിലെ ചർച്ചയുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനം. സെപ്റ്റംബർ 12,13,14 തീയതികളിൽ കോഴിക്കോടാണ് സിപിഐഎം വിശാല സംസ്ഥാന സമിതി ചേരുന്നത്. ഇപ്പോൾ സംസ്ഥാനത്ത് എൽഡിഎഫും സിപിഐഎമ്മും നേരിടുന്ന പ്രശ്‌നങ്ങൾ അതിജീവിച്ച് എങ്ങനെ മുന്നോട്ടു പോകാമെന്നായിരിക്കും ചർച്ച ചെയ്യുക. സംഘടനാ തലത്തിൽ അഴിച്ചുപണി വേണ്ടതാണെങ്കിലും സംസ്ഥാന നേതൃത്വത്തിന് ഇതിന് താത്പര്യമില്ലെന്നാണ് സൂചന.

അതിനിടെ പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിൽ വീട്ടുവീഴ്ച വേണ്ടെന്ന് തീരുമാനത്തിൽ ഉറച്ചുനിൽക്കുകയാണ് സിപിഐ. തീരുമാനമാകും വരെ എൽ.ഡി.എഫിന്റെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ നിന്ന് വിട്ടുനിൽക്കും. ഉപനേതൃസ്ഥാനത്തിൽ തീരുമാനമാകുന്നത് വരെ സംയുക്ത നിയമസഭാ കക്ഷിയോഗത്തിൽ പങ്കെടുക്കേണ്ടെന്നാണ് സിപിഐയുടെ തീരുമാനം. തിങ്കളാഴ്ച ചേരുന്ന എൽ.ഡി.എഫ് നേതൃയോഗത്തിൽ ഉപനേതൃസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കാനും സിപിഐ തീരുമാനിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *