തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ സംഘർഷവും കയ്യാങ്കളിയും. ബിജെപി-കോൺഗ്രസ് കൗൺസിലർമാർ നേരിട്ട് ഏറ്റുമുട്ടി. സംഘർഷത്തിനിടെ ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയൻ കോൺഗ്രസ് കൗൺസിലർമാരായ കെ എസ് ശബരീനാഥനേയും ഷേർളിയേയും മർദ്ദിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ചെമ്പഴന്തി ഉദയൻ രാജിവെക്കണമെന്ന് ഷേർളി ആവശ്യപ്പെട്ടു.
വാക്ക് തർക്കത്തിനിടെ കെ എസ് ശബരീനാഥന് നേരെ ചെമ്പഴന്തി ഉദയൻ കൈ വീശിയടിക്കാൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. മിനിട്സ് പിടിച്ചുവാങ്ങാൻ ബിജെപി കൗൺസിലർമാർ ശ്രമിച്ചെന്ന് കോൺഗ്രസ് ആരോപിച്ചു. പിടിവലിയിൽ ചെമ്പഴന്തി ഉദയന്റെ ഷർട്ട് കീറി. തന്നെയാണ് മർദ്ദിച്ചതെന്ന് ചെമ്പഴന്തി ഉദയൻ ആരോപിച്ചു.
പ്രതിപക്ഷമായ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും പ്രതിഷേധങ്ങൾക്കിടെ ചേർന്ന കൗൺസിൽ യോഗം മിനിട്ടുകൾക്കുള്ളിൽ പിരിയുകയായിരുന്നു. ഇതിന് പിന്നാലെയായിരുന്നു സംഘർഷം.
അതേസമയം, ഹാജർ രജിസ്റ്ററിൽ ആർ സുഗതന് ഇന്ന് ഒപ്പിട്ടില്ലെങ്കിൽ ബിജെപിക്ക് കൂടുതൽ കുരുക്കാകും. തുടർച്ചയായി രണ്ട് യോഗങ്ങളിൽ സുഗതൻ ഹാജരാകാത്ത സ്ഥിതി ആകും. മൂന്ന് യോഗത്തിൽ പങ്കെടുത്തില്ലെങ്കിൽ അയോഗ്യനാകും. അത് ഒഴിവാക്കാൻ ഹാജർ ബുക്ക് പിടിച്ചു വാങ്ങി എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
