നിതിൻ രാജിന്റെ മരണം: ഡോ. റാമിന്റെ അറസ്റ്റിൽ വീഴ്ച, ഡിവൈഎസ്പിക്ക് കോടതിയുടെ നോട്ടീസ്

കണ്ണൂർ: അഞ്ചരക്കണ്ടിയിലെ ദന്തൽ കോളജ് വിദ്യാർഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിക്ക് നോട്ടീസ്. കേസിൽ ഒന്നാം പ്രതിയായ ഡോക്ടർ എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ പൊലീസിന് വീഴ്ച സംഭവിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തലശ്ശേരി ജില്ലാ സെക്ഷൻസ് കോടതി ഡി വൈ എസ് പി സുധീർ കല്ലേന് നോട്ടീസ് അയച്ചത്.

ഈ കേസിൽ അറസ്റ്റുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ മാർഗനിർദേശങ്ങൾ എന്ത് കൊണ്ട് പാലിച്ചില്ല എന്ന കാര്യത്തിൽ വിശദീകരണം നൽകണം എന്നാണ് നോട്ടീസിലെ ആവശ്യം. നേരത്തെ ഒളിവിൽ കഴിഞ്ഞിരുന്ന ഡോക്ടർ എം കെ റാമിനെ പൊലീസ് പിടികൂടി കോടതിയിൽ ഹാജരാക്കിയിരുന്നു. എന്നാൽ സുപ്രീം കോടതി മാനദണ്ഡങ്ങൾ പാലിക്കാതെയാണ് അറസ്റ്റെന്ന പ്രതിഭാഗം വാദം പരിഗണിച്ച് സെക്ഷൻസ് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചിരുന്നു.

സംഭവത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി രംഗത്ത് എത്തിയിരുന്നു. കേസിലെ മുഖ്യപ്രതിയായ ഡോ. എംകെ റാമിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഒരു കാര്യവും ചെയ്തില്ല എന്നും പ്രതിയെ രക്ഷിക്കാനാണ് അന്വേഷണ സംഘം ശ്രമിച്ചത് എന്നും കോടതി കുറ്റപ്പെടുത്തി. കേസില്‍ വീഴ്ചയുണ്ടായതില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ട്.

അന്വേഷണ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്ന് നീക്കണമെന്നാണ് കോടതി വാക്കാല്‍ പരാമര്‍ശിസിച്ചിരന്നു. ഇതിന് പിന്നാലെയാണ് ക്രൈം ബ്രാഞ്ച് ഡി വൈ എസ് പിക്ക് സെക്ഷൻസ് കോടതിയുടെ നോട്ടീസ്.

Leave a Reply

Your email address will not be published. Required fields are marked *