തിരുവനന്തപുരം: ശബരിമല തീർത്ഥാടകർക്ക് ആശ്വാസമാകുന്ന പുതിയ നിർദ്ദേശവുമായി ദേവസ്വം മന്ത്രി കെ. മുരളീധരൻ. നിലവിൽ നിലയ്ക്കലിൽ ഏർപ്പെടുത്തിയിരിക്കുന്ന സ്പോട്ട് ബുക്കിങ് സംവിധാനം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നാണ് മന്ത്രിയുടെ ആവശ്യം. തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിങ് സൗകര്യം ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മന്ത്രി തിരുവിതാംകൂർ ദേവസ്വം ബോർഡിന് കത്ത് നൽകി.
ആഭ്യന്തര വകുപ്പുമായി കൂടിയാലോചിച്ച ശേഷം ഇതിനായി ഹൈക്കോടതിയുടെ അനുമതി തേടണമെന്നാണ് മന്ത്രിയുടെ നിർദ്ദേശം. ഹൈക്കോടതിയുടെ അനുമതി ലഭിച്ച് പുതിയ സംവിധാനം നടപ്പിലായാൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന തീർത്ഥാടകർക്ക് വലിയ ആശ്വാസമാകും.സന്നിധാനത്തെയും പമ്പയിലെയും തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ശബരിമലയിലെ സ്പോട്ട് ബുക്കിങ് സംവിധാനത്തിൽ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. ഏതെങ്കിലും സാഹചര്യത്തിൽ വെർച്വൽ ക്യൂ ബുക്ക് ചെയ്യാതെ എത്തുന്ന തീർത്ഥാടകർ നിലവിൽ നിലയ്ക്കൽ ബേസ് ക്യാമ്പിലെത്തി സ്പോട്ട് ബുക്കിങ് പൂർത്തിയാക്കണം.
അതിനുശേഷം മാത്രമേ പമ്പയിലേക്ക് യാത്ര തിരിക്കാവൂ. ബുക്കിങ് ഇല്ലാതെ പമ്പയിലെത്തിയ ശേഷം വീണ്ടും നിലയ്ക്കലിലേക്ക് മടങ്ങേണ്ടിവരുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ് ഈ ക്രമീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിലും സ്പോട്ട് ബുക്കിങ് സൗകര്യം അനുവദിച്ചാൽ തീർത്ഥാടകർക്ക് യാത്രാമധ്യേ തന്നെ ബുക്കിങ് പൂർത്തിയാക്കാൻ സാധിക്കും. ഇത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കുന്നതിനും തീർത്ഥാടകരുടെ യാത്ര കൂടുതൽ സുഗമമാക്കുന്നതിനും സഹായകരമായേക്കും.
