തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിനെതിരെ പരസ്യ വിമർശനം ഉന്നയിച്ച കെ എസ് യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യറിനെ പിന്തുണച്ച് ഡിസിസി അംഗം നിഖിൽ പൈലി. കഴിഞ്ഞ പത്ത് വർഷം വെള്ളം കോരിയവരും വിറക് വെട്ടിയവരും പൊലീസിന്റെ തല്ല് വാങ്ങി കൂട്ടിയവരും പുറത്ത് നിൽക്കുമ്പോൾ സഖാക്കൾക്ക് യുഡിഎഫ് സർക്കാർ മാനേജ്‌മെന്റ് ക്വോട്ടയിൽ സ്ഥാനങ്ങൾ കൊടുക്കുന്നുണ്ടെങ്കിൽ അത് ചോദ്യം ചെയ്യുക തന്നെ ചെയ്യുമെന്ന് നിഖിൽ പൈലി വ്യക്തമാക്കി.
ഹൈക്കോടതി പ്ലീഡര്‍ നിയമന വിവാദമാണ് നിലവിൽ കോണ്‍ഗ്രസിനുള്ളിൽ പുകയുന്നത്. തിരുവനന്തപുരം ലോ കോളജില്‍ എസ് എഫ് ഐയുടെ സജീവ പ്രവര്‍ത്തകയായിരുന്നയാളെ പ്ലീഡറാക്കിയെന്നാണ് വിമർശനം. 10 വർഷം എൽഡിഎഫ് സർക്കാരിന് വേണ്ടി പ്രവർത്തിച്ചവർ 1960 ൽ കെഎസ്‍യു ആയിരുന്നെന്ന് പറഞ്ഞ് വന്നാൽ സ്ഥാനങ്ങൾ കൊടുക്കാൻ പറ്റില്ലെന്ന് നിഖിൽ പൈലി പറഞ്ഞു. യുഡിഎഫിൽ അണികളെ ഉള്ളൂ അടിമകൾ ഇല്ലെന്ന് ഓർത്താൽ നല്ലതെന്ന മുന്നറിയിപ്പും നൽകി.
