തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്ത് വിജിലൻസ്. അഴിമതി നിരോധന നിയമപ്രകാരമാണ് ഒരു കേസ്. മറ്റൊന്ന് അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ്. പിണറായി വിജയൻ, വീണ ടി, മുഹമ്മദ് റിയാസ് എന്നിവർക്കെതിരെയാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. പിണറായി വിജയനും വീണയും ഉൾപ്പെട്ട സാമ്പത്തിക ഇടപാട് കേസിൽ പിണറായി വിജയൻ ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. റിയാസ് മന്ത്രിയായിരുന്ന കാലത്ത് അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ട കേസിൽ റിയാസ് ഒന്നാം പ്രതിയും വീണ രണ്ടാം പ്രതിയുമാണ്. റിയാസിന്റെ സുഹൃത്തുക്കളും പ്രതിപ്പട്ടികയിലുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ ഉടൻ രൂപീകരിക്കുമെന്നാണ് വിവരം.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തത്. പ്രാഥമിക അന്വേഷണം നടത്താതെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കാമെന്ന് കോടതി ഇടക്കാല ഉത്തരവിലൂടെ വ്യക്തമാക്കിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി. പ്രാഥമിക അന്വേഷണത്തിന് ശേഷമേ എഫ്ഐആർ രജിസ്റ്റർ ചെയ്യാവൂ എന്ന സംസ്ഥാന സർക്കാരിന്റെ വാദം കോടതി അംഗീകരിച്ചില്ല.
സർക്കാരിന്റെ അനുമതിയില്ലാതെ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ച് ഡിജിപി പുറപ്പെടുവിച്ച ഉത്തരവും കോടതി റദ്ദാക്കിയിരുന്നു. കെ.എം. ഷാജഹാൻ നൽകിയ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കേസുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ ഇഡി സീൽ ചെയ്ത കവറിൽ സംസ്ഥാന സർക്കാരിനും ഹൈക്കോടതിക്കും കൈമാറിയിരുന്നു. ഈ വിവരങ്ങൾ പരിശോധിച്ച ശേഷമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താമെന്ന് കോടതി നിർദേശിച്ചത്.
ഹൈക്കോടതി ഉത്തരവിനെതിരെ പിണറായി വിജയൻ വീണ്ടും കോടതിയെ സമീപിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് വിജിലൻസ് കേസുകൾ രജിസ്റ്റർ ചെയ്തെന്ന വിവരം പുറത്തുവന്നത്. അന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക സംഘത്തെ രൂപീകരിക്കാനുള്ള നടപടികളും ഉടൻ ആരംഭിക്കുമെന്നാണ് സൂചന.


