ന്യൂഡൽഹി: ലോക്സഭാ മണ്ഡല പുനർനിർണയ ബില്ലുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്നു. നവംബർ 30ന് ആരംഭിക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുന്നോടിയായാണ് യോഗം. മണ്ഡല പുനർനിർണയവുമായി ബന്ധിപ്പിച്ച വനിതാ സംവരണ നിയമത്തിൽ ഭേദഗതികൾ കൊണ്ടുവരുന്നതും യോഗത്തിന്റെ പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ലോക്സഭയിലെ സീറ്റുകളുടെ എണ്ണം നിലവിലെ 543ൽ നിന്ന് പരമാവധി 850 ആയി ഉയർത്താനാണ് നേരത്തെയുള്ള ബില്ലിലെ നിർദേശം. എല്ലാ സംസ്ഥാനങ്ങളിലും സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കുകയും നിലവിലെ സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രാതിനിധ്യ അനുപാതം നിലനിർത്തുകയും ചെയ്യുന്ന നിർദേശങ്ങളും പരിഗണനയിലുണ്ടെന്നാണ് റിപ്പോർട്ടുകൾ. സെൻസസുമായി മണ്ഡല പുനർനിർണയത്തെ ബന്ധിപ്പിക്കുന്ന വ്യവസ്ഥയിൽ മാറ്റം വരുത്തുന്നതും ചർച്ചയിലുണ്ടെന്നാണ് സൂചന.
2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാർലമെന്റിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നടപ്പാക്കുകയാണ് നിയമനിർമാണത്തിന്റെ ലക്ഷ്യം. ഏപ്രിലിൽ ലോക്സഭയിൽ ആവശ്യമായ ഭൂരിപക്ഷം ലഭിക്കാത്തതിനെ തുടർന്ന് ഭരണഘടനാ ഭേദഗതി ബിൽ പരാജയപ്പെട്ടിരുന്നു.
നവംബർ 30ന് ലോക്സഭയും ഡിസംബർ രണ്ടിന് രാജ്യസഭയും വീണ്ടും സമ്മേളിക്കും. ഡിസംബർ മൂന്നുവരെ നീളുന്ന പ്രത്യേക സമ്മേളനത്തിൽ മണ്ഡല പുനർനിർണയവും വനിതാ സംവരണവും പ്രധാന രാഷ്ട്രീയ ചർച്ചാവിഷയങ്ങളാകുമെന്നാണ് വിലയിരുത്തൽ.
