ഷെയ്ഖ് ഹസീനയുടെ കൈമാറ്റം: ഇന്ത്യ വഴങ്ങിയില്ലെങ്കിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിക്കുമെന്ന് ബംഗ്ലാദേശ്

ധാക്ക: മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ ഇന്ത്യയിൽനിന്ന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ്. ഇന്ത്യ ഇതിന് തയ്യാറായില്ലെങ്കിൽ അന്താരാഷ്ട്ര നീതിന്യായ കോടതിയെ (ICJ) സമീപിക്കുമെന്ന് ബംഗ്ലാദേശ് പാർലമെന്റ് സ്പീക്കർ ഹാഫിസ് ഉദ്ദീൻ അഹമ്മദ് മുന്നറിയിപ്പ് നൽകി. പാകിസ്ഥാനിലെ ഇസ്ലാമാബാദിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ആറ് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പാകിസ്ഥാനിലെത്തിയതായിരുന്നു സ്പീക്കർ. ഹസീന ഡിസംബർ 16-ന് ബംഗ്ലാദേശിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ മടങ്ങിയെത്തിയാൽ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കുമെന്നാണ് ബംഗ്ലാദേശ് ഭരണകൂടത്തിന്റെ നിലപാട്. നിയമപരമായ കൈമാറ്റ നടപടികളിലൂടെ മാത്രമേ ഹസീനയുടെ മടക്കം അംഗീകരിക്കൂവെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

2024-ലെ വിദ്യാർഥി പ്രക്ഷോഭത്തെത്തുടർന്ന് അധികാരത്തിൽനിന്ന് പുറത്തായ ഹസീന അന്നുമുതൽ ഇന്ത്യയിലാണ് കഴിയുന്നത്. 2025 നവംബറിൽ ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ, 2024-ലെ പ്രക്ഷോഭത്തിനിടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ നടത്തിയെന്ന കേസിൽ ഹസീനയ്ക്ക് വിചാരണയ്ക്ക് ഹാജരാകാതെയാണ് വധശിക്ഷ വിധിച്ചത്.

അതേസമയം, പാകിസ്ഥാനിലെ സന്ദർശനത്തിനിടെ 1971-ലെ വിമോചന യുദ്ധത്തിൽ ഇന്ത്യയുടെ പങ്കിനെക്കുറിച്ചും സ്പീക്കർ വിവാദ പരാമർശങ്ങൾ നടത്തി. ഹസീനയുടെ 15 വർഷത്തെ ഭരണകാലത്ത് ബംഗ്ലാദേശ് ഇന്ത്യയുടെ കോളനിയായി മാറിയെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു.

ഇന്ത്യയുമായുള്ള നയതന്ത്രബന്ധത്തിൽ പുതിയ സമ്മർദം സൃഷ്ടിക്കുന്നതാണ് ഈ പ്രസ്താവനകൾ. ഹസീനയെ കൈമാറണമെന്ന ബംഗ്ലാദേശിന്റെ ആവശ്യം ഇന്ത്യ ഇതുവരെ അംഗീകരിച്ചിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *