ന്യൂഡൽഹി: രാജ്യത്തെ ലോക്സഭാ, നിയമസഭാ മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിക്കുന്നതിനായി മൂന്നംഗ മണ്ഡല പുനർനിർണയ കമ്മീഷൻ രൂപീകരിക്കാൻ കേന്ദ്രസർക്കാർ. സുപ്രീംകോടതിയിലെ സിറ്റിങ് അല്ലെങ്കിൽ വിരമിച്ച ജഡ്ജിയായിരിക്കും കമ്മീഷൻ അധ്യക്ഷൻ. 2026ലെ മണ്ഡല പുനർനിർണയ ബില്ലിലാണ് കമ്മീഷന്റെ ഘടന സംബന്ധിച്ച വിശദാംശങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്രസർക്കാർ നിയമിക്കുന്ന സുപ്രീംകോടതി ജഡ്ജിക്ക് പുറമെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറോ അദ്ദേഹം നാമനിർദേശം ചെയ്യുന്ന തിരഞ്ഞെടുപ്പ് കമ്മീഷണറോ കമ്മീഷനിൽ അംഗമായിരിക്കും. ബന്ധപ്പെട്ട സംസ്ഥാനത്തെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായിരിക്കും മൂന്നാമത്തെ അംഗം.
ഗവർണർ നിയമിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറെയാണ് അംഗമായി പരിഗണിക്കുക. എന്നാൽ മേഘാലയ, നാഗാലാൻഡ് എന്നീ സംസ്ഥാനങ്ങളിൽ ഈ ചുമതലയിലേക്ക് ഗവർണർ നാമനിർദേശം ചെയ്യുന്ന വ്യക്തിയായിരിക്കും അംഗമാകുക.
കമ്മീഷന്റെ പ്രവർത്തന കാലാവധി കേന്ദ്രസർക്കാർ വിജ്ഞാപനത്തിലൂടെ തീരുമാനിക്കും. ആവശ്യമെങ്കിൽ കാലാവധി നീട്ടാനും വ്യവസ്ഥയുണ്ട്. പാർലമെന്റിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ കമ്മീഷൻ രൂപീകരിക്കാനാണ് നീക്കം. 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാ സംവരണം നടപ്പാക്കുന്നതിനും പുതിയ മണ്ഡല പുനർനിർണയത്തിനും നടപടികൾ പൂർത്തിയാക്കാനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
