ഡൽഹി: പാർട്ടിക്ക് പോറലേല്പിക്കുന്ന അഭിപ്രായപ്രകടനം നേതാക്കൾ ഒഴിവാക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി. ഒറ്റയ്ക്കല്ല, പാസുകൾ നൽകി മുന്നോട്ടു പോകണമെന്ന സന്ദേശമാണ് ഫുട്ബോൾ എല്ലാവർക്കും നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി തിരിച്ചടി നേരിടുന്ന ഈ സമയത്ത് പ്രത്യേക ശ്രദ്ധ വേണം. കേരളത്തിലെ പ്രസ്താവനകൾ അവിടെ ചർച്ച ചെയ്ത് നിലപാടെടുക്കുമെന്നും എംഎ ബേബി വ്യക്തമാക്കി.
അതേസമയം, ഡൽഹിയിൽ കേന്ദ്ര കമ്മിറ്റി യോഗം തുടരുകയാണ്. പാർട്ടിയിൽ ക്യത്യമായ ഇടപെടൽ നടത്താൻ കേന്ദ്ര നേതൃത്വത്തിന് കഴിയണമെന്നും സംസ്ഥാനങ്ങളിലെ സാഹചര്യം ശരിയായി വിലയിരുത്താനായില്ലെന്നും കേന്ദ്ര കമ്മിറ്റിയിൽ വിമർശനം ഉയർന്നു. സിസിയിൽ നിന്ന് ഇപി ജയരാജൻ വിട്ടുനിൽക്കുകയാണ്. ആയുർവ്വേദ ചികിത്സയുടെ പേരു പറഞ്ഞ് അവധിക്ക് അപേക്ഷിച്ചെന്നാണ് വിവരം. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് വ്യത്യസ്ഥ നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് സിസിയിൽ നിന്നുള്ള വിട്ടുനിൽക്കൽ.
