‘വീര്യംകുറഞ്ഞ മദ്യം ആരുടെ ആശയം?- വിമർശിച്ച് മാത്യു കുഴൽനാടൻ

തിരുവനന്തപുരം: പിഎം ശ്രീ പദ്ധതി നടപ്പാക്കൽ, വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി നിശ്ചയിക്കൽ എന്നീ വിഷയങ്ങളിൽ നിയമസഭയിൽ പ്രതിപക്ഷത്തിന് മറുപടിയുമായി മാത്യു കുഴൽനാടൻ എംഎൽഎ.

യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം രണ്ട് വിമർശനങ്ങളാണ് പ്രധാനമായും തങ്ങൾക്കുനേരെ പ്രതിപക്ഷം ഉന്നയിക്കുന്നതെന്ന് കുഴൽനാടൻ ചൂണ്ടിക്കാട്ടി. പിഎം ശ്രീയും വീര്യംകുറഞ്ഞ മദ്യത്തിന്റെ നികുതി സംബന്ധിച്ച ആരോപണങ്ങളും. പിഎം ശ്രീ പദ്ധതിയിൽ യുഡിഎഫിന്റെ നിലപാടുകളെ വിമർശിച്ച് പിണറായി വിജയൻ രംഗത്തെത്തിയത് അത്ഭുതകരമാണെന്ന് കുഴൽനാടൻ പറഞ്ഞു. അതിന്റെ അപകടം പിണറായിക്ക് അറിയില്ലായിരുന്നോ എന്നും കുഴൽനാടൻ ചോദിച്ചു.

എങ്ങനെയാണ് കേരളത്തിലെ ജനങ്ങളോട് എൽഡിഎഫിന് പിഎം ശ്രീ വിഷയം സംസാരിക്കാൻ കഴിയുകയെന്ന് കുഴൽനാടൻ ചോദിച്ചു. ഈ രാജ്യത്തെ ഒരു മതരാഷ്ട്രമാക്കി മാറ്റാനുള്ള ആർഎസ്എസിന്റെ പ്രഖ്യാപിതമായ അജൻഡയാണ് പദ്ധതിയിലൂടെ നടപ്പാക്കുന്നത്. കുട്ടികളിലേക്ക് മതചിന്ത കടത്തിവിട്ട് അവരെ ഒരുകാലത്തും തിരിച്ചുകൊണ്ടുവരാൻ കഴിയാത്ത വിധത്തിൽ മാറ്റാൻ ആഗ്രഹിക്കുന്ന ആർഎസ്എസിന്റെ പദ്ധതിയാണിത്. നിങ്ങളുടെ മന്ത്രിസഭയിൽ വന്നപ്പോൾ ഇത് അപകടമാണെന്ന് നിങ്ങളുടെ സഹപ്രവർത്തകർത്തന്നെ ചൂണ്ടിക്കാണിച്ചിരുന്നതാണ്. എന്നിട്ട് ഇരുട്ടിന്റെ മറവിൽ പിഎം ശ്രീ കേരളത്തിൽ നടപ്പിലാക്കാൻ ഒപ്പിട്ട അന്നത്തെ മുഖ്യമന്ത്രിയാണ് ഇപ്പോൾ ഭരണപക്ഷത്തെ വിമർശിക്കുന്നത്. പിഎംശ്രീയിൽ ഒരു വിരൽ ഞങ്ങൾക്കുനേരെ ചൂണ്ടുമ്പോൾ മറ്റു നാല് വിരലുകൾ നിങ്ങൾക്കുനേരെയാണ് എന്ന കാര്യം ഓർമിക്കണം, കുഴൽനാടൻ പറഞ്ഞു.

രണ്ടാമത്തെ കാര്യം, അന്നത്തെ എക്‌സൈസ് മന്ത്രി ഉന്നയിച്ച വീര്യം കുറഞ്ഞ മദ്യത്തിന്റെ വിഷയത്തിൽ അഴിമതിയുണ്ടെന്ന ആരോപണമാണ്. ആ മന്ത്രിയുടെ കാലത്ത് കൊണ്ടുവന്ന നിയമനിർമാണമാണിത്. അതിൽ അഴിമതിയുണ്ടെന്നാണ് പറയുന്നത്. അപ്പോൾത്തന്നെ അഴിമതിക്കുള്ള ആലോചന നടന്നിരുന്നു എന്നാണ് എനിക്ക് മനസ്സിലാകുന്നത്. അത് പൂർത്തീകരിക്കാൻ കഴിഞ്ഞിരിക്കില്ല. അതുകൊണ്ടായിരിക്കുമല്ലോ അഴിമതിയുണ്ടെന്ന് ഇപ്പോൾ പറയുന്നതെന്നും കുഴൽനാടൻ പറഞ്ഞു. പ്രതിപക്ഷത്തിനെതിരേ ഉയർന്ന രണ്ട് ആരോപണങ്ങൾക്കും യുഡിഎഫിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.പിഎം ശ്രീ, വീര്യം കുറഞ്ഞ മദ്യം തുടങ്ങിയ വിഷയങ്ങളിൽ യുഡിഎഫിന് ഉള്ളിൽത്തന്നെ വ്യത്യസ്ത അഭിപ്രായങ്ങൾ നിലനിൽക്കുന്നതായുള്ള വാർത്തകൾ പുറത്തുവരുന്നതിനിടെയാണ് നിയസഭയിൽ ഇവയെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മാത്യു കുഴൽനാടൻ സംസാരിച്ചത് എന്നതാണ് ശ്രദ്ധേയം.

Leave a Reply

Your email address will not be published. Required fields are marked *