തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിലെ വെള്ളക്കെട്ടിനെക്കുറിച്ചുള്ള പരാമർശത്തിന് പിന്നാലെ നടി മല്ലിക സുകുമാരനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ മഴ. കഴിഞ്ഞ ദിവസം മേയർ വി.വി. രാജേഷിനെ പുകഴ്ത്തി സംസാരിച്ച മല്ലിക, തമ്പാനൂരിൽ ഇപ്പോൾ വെള്ളക്കെട്ട് ഒഴിവാക്കാൻ മികച്ച സംവിധാനങ്ങളുണ്ടെന്നും പഴയതുപോലെയുള്ള പ്രശ്നങ്ങളില്ലെന്നും പറഞ്ഞിരുന്നു. എന്നാൽ തൊട്ടടുത്ത ദിവസം പെയ്ത കനത്ത മഴയിൽ തമ്പാനൂർ ഉൾപ്പെടെ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.
ഇതോടെയാണ് മല്ലികയുടെ പഴയ പരാമർശം കുത്തിപ്പൊക്കി ട്രോളുകൾ തുടങ്ങിയത്. ‘യാഗം ചെയ്ത് മഴ പെയ്യിക്കുന്നത് സിനിമയിൽ കണ്ടിട്ടുണ്ട്, ആദ്യമായിട്ടാണ് ഒരാൾ തള്ളി മഴ പെയ്യിക്കുന്നത് കാണുന്നത്’ എന്ന തരത്തിലുള്ള പരിഹാസങ്ങളാണ് നിറയുന്നത്. അതേസമയം, കനത്ത മഴയും ഡ്രൈനേജുകളിലെ മാലിന്യവുമാണ് വെള്ളക്കെട്ടിന് കാരണമെന്ന് മേയർ വിശദീകരിച്ചു. മഴ പെയ്തതോടെ മേയറെ പുകഴ്ത്തിയ മല്ലികയുടെ വാക്കുകൾ വീണ്ടും ചർച്ചയായിരിക്കുകയാണ്. നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാൻ കോർപ്പറേഷൻ സ്വീകരിക്കുന്ന നടപടികളും ഇപ്പോൾ ശ്രദ്ധ നേടുന്നുണ്ട്. എന്തായാലും ഒരു ദിവസത്തെ മഴയും പഴയൊരു പ്രസ്താവനയും ചേർന്നപ്പോൾ സോഷ്യൽ മീഡിയയിൽ മല്ലികയ്ക്ക് കിട്ടിയത് ട്രോൾ മഴയാണ്.
