തിരുവനന്തപുരം: ചിറയിൻകീഴ് കോൺഗ്രസിലെ തമ്മിലടിക്ക് പിന്നാലെ സസ്പെൻഷനിലായിരുന്ന പാളയം പ്രദീപിനെയും എസ്. സജാദിനെയും തിരിച്ചെടുത്ത് കെപിസിസി. രമ്യാ ഹരിദാസ് എംഎൽഎയ്ക്ക് ഒപ്പമുള്ള പാളയം പ്രദീപിന്റെയും എതിർപക്ഷത്തുള്ള ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി സജാദിന്റെയും സസ്പെൻഷനാണ് പിൻവലിച്ചത്. രമ്യാ ഹരിദാസ് പാർട്ടി നേതാക്കൾക്കെതിരെ നൽകിയ പരാതി പിൻവലിക്കാമെന്ന് ഉറപ്പുനൽകിയതോടെയാണ് നടപടി. സെപ്റ്റംബർ നാലിനായിരുന്നു ചിറയിൻകീഴിൽ എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളും തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായത്.
ഔദ്യോഗിക യോഗത്തിൽ പാളയം പ്രദീപ് പങ്കെടുത്തതിനെ ചൊല്ലിയുള്ള തർക്കമാണ് സംഭവങ്ങൾക്ക് തുടക്കമിട്ടത്. പിന്നീട് സജാദിന്റെ വീട്ടിലെത്തിയതോടെ തർക്കം കൂടുതൽ രൂക്ഷമായി. സംഭവത്തിൽ അന്വേഷണം നടത്തിയെങ്കിലും രമ്യാ ഹരിദാസ് മൊഴി നൽകാൻ എത്തിയിരുന്നില്ല. ഒടുവിൽ ഇരുവരെയും തിരിച്ചെടുത്തതോടെ കോൺഗ്രസിനുള്ളിലെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമോ എന്നാണ് ഇനി അറിയേണ്ടത്.
സംഭവത്തിന് പിന്നാലെ പ്രാദേശിക കോൺഗ്രസ് നേതൃത്വവും എംഎൽഎയും തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരസ്യമായിരുന്നു. രമ്യാ ഹരിദാസിനെതിരെ മണ്ഡലം കമ്മിറ്റികൾ പ്രമേയവും പാസാക്കിയിരുന്നു. എംഎൽഎ പാർട്ടി നേതൃത്വവുമായി സഹകരിച്ച് മുന്നോട്ടുപോകണമെന്ന ആവശ്യവും ഉയർന്നിരുന്നു. ഇപ്പോഴത്തെ കെപിസിസി തീരുമാനത്തോടെ ഇരുവിഭാഗങ്ങൾക്കുമിടയിലെ തർക്കം അവസാനിക്കുമോ എന്നതാണ് രാഷ്ട്രീയ വൃത്തങ്ങൾ ഉറ്റുനോക്കുന്നത്.


