ന്യൂഡൽഹി: സുപ്രീംകോടതി കൊളീജിയത്തിന്റെ ജഡ്ജി നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും ഒരു പ്രത്യേക സമുദായത്തിന് അമിത പരിഗണന നൽകുന്നുവെന്ന് ആരോപിച്ച് മുൻ ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്. ഉന്നത നീതിന്യായ സംവിധാനങ്ങളിലെ നിയമനങ്ങളിൽ പട്ടികജാതി, പട്ടികവർഗം, പിന്നാക്ക വിഭാഗങ്ങൾ, ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ എന്നിവരുടെ പ്രാതിനിധ്യം അവഗണിക്കപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി ദ്രൗപദി മുർമുവിന് അദ്ദേഹം കത്തയച്ചു. നവംബർ 27-ന് എഴുതിയ കത്തിന്റെ പകർപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര നിയമമന്ത്രി അർജുൻ റാം മേഘ്വാളിനും കൈമാറിയിട്ടുണ്ട്.
കൊളീജിയത്തിന്റെ സമീപകാല ശുപാർശകളിൽ മെറിറ്റ്, വൈവിധ്യം, ഉൾക്കൊള്ളൽ എന്നീ തത്വങ്ങൾ അവഗണിക്കപ്പെടുന്നുവെന്നാണ് ഗവായിയുടെ പ്രധാന വിമർശനം. ഒരു പ്രത്യേക വിഭാഗത്തിൽപ്പെട്ടവരെ മാത്രം ജഡ്ജിമാരായി ശുപാർശ ചെയ്യുകയും മറ്റ് സമുദായങ്ങളിൽപ്പെട്ടവരെ മാറ്റിനിർത്തുകയും ചെയ്യുന്ന സാഹചര്യമുണ്ടെന്നാണ് അദ്ദേഹം കത്തിൽ ആരോപിക്കുന്നത്. ഒരു വിഭാഗത്തെ എതിർക്കുകയല്ല തന്റെ നിലപാടെന്നും എല്ലാ വിഭാഗങ്ങൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്നതാണ് ആവശ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
രാജ്യത്തെ ജനസംഖ്യയിൽ അഞ്ച് ശതമാനത്തിൽ താഴെ മാത്രം വരുന്ന ഒരു സമുദായത്തിന് സമീപകാലത്ത് സുപ്രീംകോടതിയിൽ 40 ശതമാനത്തിലധികം പ്രാതിനിധ്യം ലഭിച്ചിട്ടുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. സമുദായത്തിന്റെ പേര് അദ്ദേഹം നേരിട്ട് പരാമർശിച്ചിട്ടില്ല. എന്നാൽ കത്തിലെ സൂചന ബ്രാഹ്മണ സമുദായത്തിലേക്കാണെന്നാണ് റിപ്പോർട്ടുകൾ.
കേന്ദ്ര നിയമമന്ത്രി 2025 മാർച്ചിൽ രാജ്യസഭയിൽ നൽകിയ കണക്കുകളും ഗവായ് കത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. 2018 മുതൽ ഹൈക്കോടതികളിലേക്ക് നിയമിക്കപ്പെട്ട 715 ജഡ്ജിമാരിൽ 22 പേർ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരും 16 പേർ പട്ടികവർഗത്തിൽപ്പെട്ടവരും 89 പേർ ഒബിസി വിഭാഗത്തിൽപ്പെട്ടവരും 37 പേർ ന്യൂനപക്ഷ വിഭാഗങ്ങളിൽപ്പെട്ടവരുമാണ്. നിയമിതരിൽ ഏകദേശം മുക്കാൽ ഭാഗവും ജനറൽ വിഭാഗത്തിൽനിന്നുള്ളവരാണെന്നും കത്തിൽ പറയുന്നു.
2021 ജനുവരി മുതൽ 2026 ജനുവരി വരെയുള്ള നിയമനങ്ങളിൽ മുന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം 80 ശതമാനത്തോടടുത്താണെന്നും ഒബിസി വിഭാഗങ്ങൾക്ക് 14 ശതമാനത്തിൽ താഴെ മാത്രമാണ് പ്രാതിനിധ്യം ലഭിച്ചതെന്നും ഗവായ് ചൂണ്ടിക്കാട്ടുന്നു.
ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെ സ്ഥലംമാറ്റത്തിലും നിയമനങ്ങളിലും മെറിറ്റിന് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിട്ടുണ്ട്. ചെറിയ ഹൈക്കോടതികളിലേക്ക് തുടർച്ചയായി സ്ഥലംമാറ്റപ്പെട്ട ഒരു ചീഫ് ജസ്റ്റിസിനെ പിന്നീട് പ്രമുഖ ഹൈക്കോടതിയുടെ ചുമതലയിലേക്ക് ശുപാർശ ചെയ്തതായും, അദ്ദേഹത്തിന് വഴിയൊരുക്കാൻ കഴിവുള്ള മറ്റൊരു ചീഫ് ജസ്റ്റിസിനെ ചെറിയ ഹൈക്കോടതിയിലേക്ക് മാറ്റിയതായും കത്തിൽ പറയുന്നു. മറ്റൊരു ജഡ്ജിയുടെ സ്ഥലംമാറ്റവും പിന്നീട് ലഭിച്ച സ്ഥാനക്കയറ്റവും സംബന്ധിച്ചും അദ്ദേഹം ചോദ്യങ്ങൾ ഉന്നയിച്ചിട്ടുണ്ട്. എന്നാൽ ബന്ധപ്പെട്ട ജഡ്ജിമാരുടെ പേരുകളോ തീരുമാനങ്ങൾക്ക് പിന്നിലെ കാരണങ്ങളോ വെളിപ്പെടുത്തിയിട്ടില്ല. ജുഡീഷ്യൽ അച്ചടക്കവും ഔചിത്യവും കണക്കിലെടുത്താണ് വിശദാംശങ്ങൾ ഒഴിവാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയുടെ ആർട്ടിക്കിൾ 124(2) പ്രകാരം സുപ്രീംകോടതി ജഡ്ജിമാരെ നിയമിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണെന്നും കൊളീജിയത്തിന്റെ ശുപാർശകൾക്ക് നിർണായക സ്വാധീനമുണ്ടെന്നതുകൊണ്ട് അതിന് ഉത്തരവാദിത്വമില്ലാതാകുന്നില്ലെന്നും ഗവായ് കത്തിൽ ഓർമിപ്പിച്ചു. നീതിന്യായ നിയമനങ്ങളിൽ കേന്ദ്രസർക്കാരിനും പാർലമെന്റിനും ഉത്തരവാദിത്വമുണ്ടെന്നും പിന്നാക്ക വിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കാൻ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നീതിന്യായ സംവിധാനത്തിലെ പ്രാതിനിധ്യവും കൊളീജിയത്തിന്റെ ഉത്തരവാദിത്വവും സംബന്ധിച്ച ചർച്ചകൾക്ക് പുതിയ മാനം നൽകുന്നതാണ് മുൻ ചീഫ് ജസ്റ്റിസിന്റെ രാഷ്ട്രപതിക്കുള്ള കത്ത്.
