ബംഗാളിൽ തൃണമൂൽ വിമതന് തിരിച്ചടി; ഋതബ്രത ബാനർജിയുടെ പ്രതിപക്ഷ നേതൃനിയമനം റദ്ദാക്കി കൽക്കട്ട ഹൈക്കോടതി

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തൃണമൂൽ കോൺഗ്രസ് വിമത നേതാവ് ഋതബ്രത ബാനർജിയെ നിയമിച്ച സ്പീക്കറുടെ നടപടി റദ്ദാക്കി കൽക്കട്ട ഹൈക്കോടതി. നിയമനത്തിന് മതിയായ നിയമസാധുതയില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, വിഷയത്തിൽ പത്ത് ദിവസത്തിനകം പുനഃപരിശോധന നടത്താൻ നിയമസഭാ സ്പീക്കറോട് നിർദേശിച്ചു. തൃണമൂൽ കോൺഗ്രസിലെ വിമത വിഭാഗത്തിന് കനത്ത തിരിച്ചടിയാണ് കോടതി വിധി

ജസ്റ്റിസ് കൃഷ്ണ റാവുവിന്റെ സിംഗിൾ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് തൃണമൂൽ കോൺഗ്രസ് നിർദേശിച്ച മുതിർന്ന നേതാവ് ശോഭൻദേവ് ചാറ്റർജിയെ മറികടന്ന് ഋതബ്രതയെ നിയമിച്ച സ്പീക്കർ രവീന്ദ്ര ബോസിന്റെ തീരുമാനത്തിനെതിരെയായിരുന്നു കോടതിയിലെ ഹർജി. ശോഭൻദേവ് ചാറ്റർജിയാണ് നിയമനത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്.

2026 ജൂൺ മൂന്നിനാണ് തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരുടെ പിന്തുണയോടെ ഋതബ്രത ബാനർജിയെ സ്പീക്കർ പ്രതിപക്ഷ നേതാവായി അംഗീകരിച്ചത്. അതിന് മുമ്പ് മെയ് ഒമ്പതിന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി ശോഭൻദേവ് ചാറ്റർജിയെ പ്രതിപക്ഷ നേതാവായി നിർദേശിച്ച് സ്പീക്കർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഈ നിർദേശം പരിഗണിക്കാതെ വിമത വിഭാഗത്തിന്റെ ആവശ്യപ്രകാരം ഋതബ്രതയെ നിയമിച്ചതാണ് തർക്കത്തിന് വഴിവെച്ചത്.

തൃണമൂൽ കോൺഗ്രസിന്റെ 80 എംഎൽഎമാരിൽ ഭൂരിപക്ഷത്തിന്റെ പിന്തുണ ശോഭൻദേവിനാണെന്നായിരുന്നു പാർട്ടി നേതൃത്വത്തിന്റെ വാദം. അതേസമയം, വിമത വിഭാഗം 58 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്ന് അവകാശപ്പെട്ടാണ് ഋതബ്രതയെ പ്രതിപക്ഷ നേതാവായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടത്. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ ജൂൺ ഒന്നിന് ഋതബ്രതയെയും മറ്റൊരു വിമത എംഎൽഎയായ സന്ദീപ് സാഹയെയും തൃണമൂൽ കോൺഗ്രസ് പുറത്താക്കിയിരുന്നു.

സ്പീക്കറുടെ നിയമനാധികാരം, രാഷ്ട്രീയ പാർട്ടിയുടെ തീരുമാനങ്ങൾ പരിഗണിക്കേണ്ടതിന്റെ ആവശ്യകത, നിയമന നടപടികളിലെ നിഷ്പക്ഷത എന്നിവയായിരുന്നു കേസിലെ പ്രധാന തർക്കവിഷയങ്ങൾ. സ്പീക്കറുടെ തീരുമാനം നിയമപരമായി നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി, നിയമനവുമായി ബന്ധപ്പെട്ട നടപടികൾ വീണ്ടും പരിശോധിക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

പുതിയ വിധിയോടെ പശ്ചിമ ബംഗാൾ നിയമസഭയിലെ പ്രതിപക്ഷ നേതൃസ്ഥാനത്തെ ചൊല്ലിയുള്ള തർക്കം വീണ്ടും നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. സ്പീക്കർ പത്ത് ദിവസത്തിനകം എന്ത് തീരുമാനമെടുക്കുമെന്നതും ശോഭൻദേവ് ചാറ്റർജിയുടെ അവകാശവാദം പരിഗണിക്കപ്പെടുമോയെന്നതുമാണ് ഇനി രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *