ന്യൂഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് കൊള്ളയ്ക്കെതിരെയും നാളെ രാജ്യതലസ്ഥാനത്ത് പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സുപ്രീം കോടതിയിലേക്ക് ബഹുജന മാർച്ചായി എത്താനാണ് ആഹ്വാനം. ചീഫ് ജസ്റ്റിസിനെ കാണുമെന്ന് കോൺഗ്രസ് നേരത്തെ അറിയിച്ചിരുന്നു.
രാജ്യത്തെ യുവജനങ്ങളും പൗരാവകാശ സംഘടനകളും പ്രതിപക്ഷ കക്ഷികളും രാഷ്ട്രീയ, ജാതി, മത ഭേദമന്യേ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തിൽ അണിനിരക്കണമെന്ന് രാഹുൽ ഗാന്ധി അഭ്യർഥിച്ചു.
സമാധാനപരമായി പ്രതിഷേധിക്കാനെത്തിയ യുവജനങ്ങൾക്കെതിരെ പൊലീസിന്റെയും ബിജെപി പ്രവർത്തകരുടെയും ഭാഗത്തുനിന്ന് ക്രൂരമായ അതിക്രമങ്ങളുണ്ടായെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഇത്തരം നടപടികൾ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവർത്തനങ്ങളെച്ചൊല്ലിയുള്ള വിമർശനങ്ങൾക്കിടെയാണ് രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് പ്രതിപക്ഷം ആഹ്വാനം ചെയ്തിരിക്കുന്നത്. നാളത്തെ പ്രതിഷേധത്തിൽ പ്രതിപക്ഷ പാർട്ടികളും യുവജന സംഘടനകളും പൗരാവകാശ പ്രവർത്തകരും പങ്കെടുക്കുമെന്നാണ് രാഹുൽ ഗാന്ധിയുടെ പ്രതീക്ഷ.


