സംസ്ഥാനത്ത് സിഎന്‍ജി വില വീണ്ടും കൂട്ടി

കോഴിക്കോട്: സംസ്ഥാനത്ത് സിഎന്‍ജി വില വീണ്ടും കൂട്ടി. കിലോക്ക് ഒന്നര രൂപയാണ് ഇന്ന് കൂടിയത്. ഇതോടെ കേരളത്തിലെ വില കിലോക്ക് 101 രൂപയായി. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തില്‍ നേരത്തെ ഘട്ടം ഘട്ടമായി സിഎന്‍ജി വില വര്‍ധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വില വര്‍ധനവ്. സിഎന്‍ജി വാഹനങ്ങള്‍ ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് വരുന്ന വാഹന ഉടമകള്‍ക്കും വാണിജ്യ വാഹന ഡ്രൈവര്‍മാര്‍ക്കും വലിയ തിരിച്ചടിയായിരിക്കുകയാണ്. പെട്രോളിന്റെയും ഡീസലിന്റെയും വിലവര്‍ധനവില്‍ നിന്ന് ആശ്വാസം തേടി സിഎന്‍ജിയിലേക്ക് മാറിയവരാണ് ഇപ്പോള്‍ ദുരിതത്തിലായിരിക്കുന്നത്.

ജൂലൈ 20ന് പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനം ആരംഭിക്കാനിരിക്കെ, അതിന് മുന്‍പ് ഇന്ധന വില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനങ്ങളൊന്നുമുണ്ടായിട്ടില്ല. പശ്ചിമേഷ്യന്‍ യുദ്ധസമയത്ത് ബാരലിന് 120 ഡോളറിന് മുകളില്‍ അസംസ്‌കൃത എണ്ണക്ക് വില ഉയര്‍ന്നപ്പോള്‍ രാജ്യത്ത് ഇന്ധനവില വന്‍തോതില്‍ കൂട്ടിയിരുന്നു. പിന്നീട് എണ്ണവില ബാരലിന് 70 ഡോളറില്‍ താഴെയെത്തിയിട്ടും ഇന്ധനവില കുറയ്ക്കാത്തതെന്തുകൊണ്ടെന്ന വിമര്‍ശനം ശക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *