തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവിയിൽ സിപിഐയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സിപിഐഎം. തൽക്കാലം പ്രതിപക്ഷ ഉപനേതാവ് പദവി ഒഴിവാക്കാനുള്ള ആലോചനയിലാണ് സിപിഐഎം. തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സിപിഐഎം പദവി ഏറ്റെടുത്തേക്കില്ല. ഈ സാഹചര്യത്തിലാണ് ഉപനേതാവ് പദവി തന്നെ തൽക്കാലം വേണ്ടെന്ന് വെയ്ക്കാൻ സിപിഐഎം ആലോചിക്കുന്നത്.
സിപിഐഎമ്മിൻ്റെ സംസ്ഥാന സെക്രട്ടറിയേറ്റ് ഈ വിഷയം ചർച്ച ചെയ്യും. വിഷയത്തിൽ പുതിയ ഫോർമുല സിപിഐക്ക് മുന്നിൽ വെയ്ക്കാനാണ് സിപിഐഎം നീക്കം. പുതിയ നിർദ്ദേശം സിപിഐ അംഗീകരിച്ചാൽ തർക്കം ഒഴിവാക്കാൻ സാധിക്കുമെന്നാണ് സിപിഐഎം നേതൃത്വം പ്രതീക്ഷിക്കുന്നത്. എന്നാൽ ഉപനേതൃപദവി കിട്ടിയേ തീരു എന്ന നിലപാടിലാണ് സിപിഐ. ഏറ്റവും ഒടുവിൽ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും ബിനോയ് വിശ്വം ഈ നിലപാട് തന്നെയാണ് ആവർത്തിച്ച് വ്യക്തമാക്കിയത്.
എല്‍ഡിഎഫ് നേതൃത്വം സിപിഐഎമ്മിലേക്ക് മാത്രം കേന്ദ്രീകരിക്കുന്നതില്‍ വിയോജിപ്പുളളതുകൊണ്ടാണ് പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെടാന്‍ സിപിഐ തീരുമാനിച്ചത്. മുന്നണിയ്ക്ക് കൂട്ടായ നേതൃത്വം വേണമെന്നാണ് സിപിഐ നിലപാട്. പ്രതിപക്ഷ ഉപനേതൃസ്ഥാനം ഒഴിച്ചിട്ടാലും അതുതന്നെയാകും ഫലം. ഈ സാഹചര്യത്തില്‍ സിപിഐ വഴങ്ങുമോ എന്നതാണ് ചോദ്യം.



