പത്തനംതിട്ട:ക്രിമിനൽ കേസ് പ്രതികളുമായുള്ള ബന്ധം; തിരുവല്ല പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറെ പിരിച്ചുവിടാൻ തീരുമാനം. സി.പി.ഒ നിഷാന്ത് പി. ചന്ദ്രനെതിരെയാണ് ജില്ലാ പൊലീസ് മേധാവി കാരണം കാണിക്കൽ നോട്ടീസ് നൽകിയത്. കാപ്പ കേസുകളിലും മറ്റ് ക്രിമിനൽ കേസുകളിലും പ്രതികളായവരുമായി നിഷാന്തിന് ബന്ധമുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായാണ് നോട്ടീസിൽ പറയുന്നത്. പ്രതികളോടൊപ്പമുള്ള ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചതായും ഇവരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടതായും നോട്ടീസിൽ വ്യക്തമാക്കുന്നു.
ക്രിമിനലുകളുമായി ചേർന്ന് മറ്റുള്ളവരെ ഭീഷണിപ്പെടുത്തിയതിലൂടെ പൊലീസ് സേനയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായ അച്ചടക്കലംഘനവും ഔദ്യോഗിക പദവിയുടെ ദുരുപയോഗവുമാണ് നടപടിക്ക് കാരണമായി പറയുന്നത്. പിരിച്ചുവിടാനുള്ള തീരുമാനം നിലവിൽ താൽക്കാലികമാണ്. ഇതിൽ എതിർപ്പുണ്ടെങ്കിൽ 15 ദിവസത്തിനകം വിശദീകരണം നൽകണം. വിശദീകരണം ലഭിച്ചില്ലെങ്കിൽ പിരിച്ചുവിടൽ നടപടി സ്ഥിരപ്പെടുത്തുമെന്നാണ് നോട്ടീസിൽ വ്യക്തമാക്കുന്നത്. സംഭവത്തിൽ പൊലീസ് സേനയ്ക്കുള്ളിലെ അച്ചടക്കവും ഉദ്യോഗസ്ഥരുടെ ക്രിമിനൽ ബന്ധങ്ങളും വീണ്ടും ചർച്ചയാകുകയാണ്.



