തിരുവനന്തപുരം: വേൾഡ് കരാട്ടെ ഫെഡറേഷൻ (WKF) നിഷ്കർഷിച്ച പുതിയ നിയമങ്ങളെ അടിസ്ഥാനമാക്കി സ്പോർട്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം (SKAT) സംഘടിപ്പിച്ച റഫറി സെമിനാറും കട്ട (KATA), കുമിതെ (KUMITE), കോച്ച് അക്രഡിറ്റേഷൻ പരീക്ഷകളും സമാപിച്ചു. ഒക്ടോബർ 25ന് നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികൾ നടന്നത്.
കേരള സ്പോർട്സ് കൗൺസിലിന് കീഴിൽ കേരള കരാട്ടെ അസോസിയേഷന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സംഘടനയാണ് SKAT. മുൻവർഷങ്ങളിലേതുപോലെ ഈ വർഷവും തിരുവനന്തപുരം ജില്ലയിലെ സ്കൂൾ ഗെയിംസ് കരാട്ടെ മത്സരങ്ങളും മറ്റ് സർക്കാർതല മത്സരങ്ങളും സെമിനാറിൽ പങ്കെടുത്ത് യോഗ്യത നേടുന്ന ജഡ്ജിമാരും റഫറിമാരുമായിരിക്കും നിയന്ത്രിക്കുക.
യോഗ്യത നേടിയ ജഡ്ജിമാരും റഫറിമാരും മത്സരങ്ങൾ നിയന്ത്രിക്കുന്നതിലൂടെ വിജയപരാജയങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ഗണ്യമായി കുറഞ്ഞിട്ടുണ്ടെന്ന് SKAT ജനറൽ സെക്രട്ടറി വി. സമ്പത്ത് പറഞ്ഞു. SKAT-യുടെ അഫിലിയേഷനുള്ള കരാട്ടെ ക്ലബ്ബുകളിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്കു മാത്രമാണ് സെമിനാറിലും പരീക്ഷകളിലും പങ്കെടുക്കാൻ അവസരം നൽകിയിരുന്നത്.
നെടുമങ്ങാട് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സെമിനാർ SKAT പ്രസിഡന്റ് ആർ. സുരാജ് ഉദ്ഘാടനം ചെയ്തു. SKAT ജനറൽ സെക്രട്ടറിയും കേരള കരാട്ടെ അസോസിയേഷൻ റഫറി കമ്മീഷൻ അംഗവുമായ വി. സമ്പത്താണ് സെമിനാറിന് നേതൃത്വം നൽകിയത്.
SKAT എക്സിക്യൂട്ടീവ് അംഗങ്ങളായ സെൻസായി രാധാകൃഷ്ണൻ, സുരേഷ് കുമാർ, ജ്യോതിനാഥ്, സുധീർ എന്നിവരും റഫറി കമ്മീഷൻ അംഗങ്ങളായ അഖിൽ, റജികുമാർ, ജ്യോതിഷ് എന്നിവരും പരിപാടികൾക്ക് നേതൃത്വം നൽകി. മലയാള ജനത ന്യൂസിനുവേണ്ടി കൺവീനർ അബ്ദുൽ റഹുമാൻ പള്ളിത്തെരുവ് പരിപാടിയുടെ വാർത്താ കവറേജ് നിർവഹിച്ചു.



