തിരുവനന്തപുരം: പിഎസ്‌സി അംഗങ്ങളെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ രാഷ്ട്രപതിക്ക് ശിപാർശ നൽകിയെന്ന വാർത്തയെക്കുറിച്ച് അറിയില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ഗവർണറുടെ നീക്കത്തെക്കുറിച്ച് സർക്കാരിന് വിവരം ലഭിച്ചിട്ടില്ലെന്നും പരിശോധിച്ച ശേഷമേ ഇക്കാര്യത്തിൽ കൂടുതൽ പ്രതികരിക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. പിഎസ്‌സിക്കെതിരെ നിരവധി പരാതികൾ ലഭിക്കുന്നുണ്ടെന്നും കോടതിയുടെ വിമർശനങ്ങളെ ശരിയായ അർഥത്തിൽ ഉൾക്കൊള്ളുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.
പിഎസ്‌സിയിലെ നിയമനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾ കണ്ടെത്തി ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഇക്കാര്യത്തിൽ സർക്കാർ വിട്ടുവീഴ്ച ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളിൽ ശക്തമായ നടപടികളുമായി മുന്നോട്ടുപോകും. അന്വേഷണം വൈകാൻ പല കാരണങ്ങളുണ്ടായിരിക്കാം. എന്നാൽ അഴിമതി നടന്നുവെന്നത് വ്യക്തമാണ്. ഇതിന് നേതൃത്വം നൽകിയവർ ആരായാലും അവർക്കെതിരെ പൊലീസും ആഭ്യന്തര വകുപ്പും ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറിപ്പോകുന്നതിന് ഒരാഴ്ച മുമ്പാണ് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ പിഎസ്‌സി ചെയർമാൻ എം.ആർ. ബൈജു ഉൾപ്പെടെ 16 അംഗങ്ങളെ പുറത്താക്കാൻ രാഷ്ട്രപതിക്ക് ശിപാർശ നൽകിയത്. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഇത്തരമൊരു നടപടി. ആസൂത്രണ ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ടതുൾപ്പെടെ പിഎസ്‌സിക്കെതിരെ ലഭിച്ച പരാതികളിൽ ഐജി അജിത ബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തോട് ഗവർണർ റിപ്പോർട്ട് തേടിയിരുന്നു. പിഎസ്‌സിയുടെ ആഭ്യന്തര വിജിലൻസ് അന്വേഷണ റിപ്പോർട്ടും ലോക്ഭവൻ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഷ്ട്രപതിക്ക് ശിപാർശ നൽകിയത്. യുവമോർച്ചയും എബിവിപിയും നൽകിയ പരാതികളും ശിപാർശയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ട്.



