കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ബെൻസ് കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ കാർ ഓടിച്ചിരുന്ന കൗമാരക്കാരനെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു. അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും വിളിച്ചുവരുത്തും. കാർ ഉടമയായ അഡീഷണൽ സെഷൻസ് ജഡ്ജിയെ കേസിൽ പ്രതിചേർക്കുമെന്നും പൊലീസ് അറിയിച്ചു.
ഓടിക്കാനുള്ള ആഗ്രഹം കൊണ്ടാണ് കാർ എടുത്തതെന്നും അപകടസമയത്ത് മഴയുണ്ടായിരുന്നുവെന്നുമാണ് പതിനേഴുകാരൻ മൊഴി നൽകിയിരിക്കുന്നത്. ചേരാനല്ലൂർ കണ്ടെയ്നർ റോഡിന് സമീപമുണ്ടായ അപകടത്തിൽ മാഞ്ഞാലി സ്വദേശി ജയബാലകൃഷ്ണനാണ് മരിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. നാട്ടുകാർ ഉടൻ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും ജയബാലകൃഷ്ണൻ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
പ്രതിക്കെതിരെ മനപ്പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിരിക്കുന്നത്. മദ്യപിച്ചിരുന്നോയെന്ന് പരിശോധിക്കുന്നതിനായി രക്തസാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. അഡീഷണൽ സെഷൻസ് ജഡ്ജിയുടെ പേരിലുള്ളതാണ് അപകടത്തിൽപ്പെട്ട കാർ. അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി മോട്ടോർ വാഹന വകുപ്പ്, പൊലീസ്, ഫൊറൻസിക് വിഭാഗം എന്നിവരുടെ നേതൃത്വത്തിൽ സ്ഥലത്ത് പരിശോധന നടത്തി.



