തിരുവനന്തപുരം : വന്യജീവി ആക്രമണത്തിൽ മരിക്കുന്നവരുടെ കുടുംബങ്ങൾക്കും പരിക്കേൽക്കുന്നവർക്കും നൽകുന്ന ധനസഹായം 25 ശതമാനം വർധിപ്പിച്ച് സംസ്ഥാന സർക്കാർ. ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. വന്യജീവി ആക്രമണത്തിൽ ഒരാൾ മരിച്ചാൽ കുടുംബത്തിന് ഇനി 17.5 ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കും. നിലവിൽ നൽകിയിരുന്ന 14 ലക്ഷം രൂപയാണ് വർധിപ്പിച്ചത്. ആക്രമണത്തിൽ പരിക്കേൽക്കുന്നവർക്ക് പരിക്കിന്റെ തീവ്രത അനുസരിച്ച് 1,25,000 രൂപ മുതൽ 3,12,500 രൂപ വരെ ധനസഹായം നൽകും.
പാമ്പുകടി, തേനീച്ചയുടെയോ കടന്നലിന്റെയോ കുത്തേറ്റോ മരണം സംഭവിച്ചാൽ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരവും വർധിപ്പിച്ചിട്ടുണ്ട്. നിലവിൽ നാല് ലക്ഷം രൂപയായിരുന്ന ധനസഹായം അഞ്ച് ലക്ഷം രൂപയായാണ് ഉയർത്തിയത്.
വന്യജീവി ആക്രമണത്തിൽ അംഗവൈകല്യം സംഭവിക്കുന്നവർക്കുള്ള നഷ്ടപരിഹാരത്തിലും വർധന വരുത്തിയിട്ടുണ്ട്. 40 മുതൽ 60 ശതമാനം വരെ അംഗവൈകല്യം സംഭവിക്കുന്നവർക്ക് രണ്ട് ലക്ഷം രൂപയിൽനിന്ന് 2.5 ലക്ഷം രൂപയായി ധനസഹായം ഉയർത്തി. 60 ശതമാനത്തിലധികം അംഗവൈകല്യം സംഭവിക്കുന്നവർക്ക് 2.5 ലക്ഷം രൂപയിൽനിന്ന് 3,12,500 രൂപയായും തുക വർധിപ്പിച്ചു. നിസ്സാര പരിക്കുകൾക്ക് 12,500 രൂപ വരെ ധനസഹായം ലഭിക്കും. അടിയന്തര സാഹചര്യങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് ഒരു ലക്ഷം രൂപ വരെ അനുവദിക്കാനും സർക്കാർ ഉത്തരവിൽ വ്യവസ്ഥയുണ്ട്.


