ചെന്നൈ: തമിഴ്നാട്ടിലെ തേനി ആണ്ടിപ്പെട്ടി സബ് ജയിലിൽനിന്ന് 17 വിചാരണത്തടവുകാർ രക്ഷപ്പെട്ടു. സുരക്ഷാ ജീവനക്കാരെ ആക്രമിച്ച ശേഷമാണ് തടവുകാർ ജയിൽ ചാടിയത്. രക്ഷപ്പെട്ടവരിൽ ഒരാളെ ജയിലിന് സമീപത്തെ വനമേഖലയിൽനിന്ന് പൊലീസ് പിടികൂടി. ശേഷിക്കുന്നവർക്കായി വ്യാപക തിരച്ചിൽ തുടരുകയാണ്.
രക്ഷപ്പെട്ടവർ കേരളത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പിനെ തുടർന്ന് കേരള–തമിഴ്നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റുകളിൽ സുരക്ഷ ശക്തമാക്കി. ഇടുക്കി വഴി കേരളത്തിലേക്ക് കടക്കാൻ സാധ്യതയുള്ളതിനാൽ വാഹനപരിശോധനയും വ്യാപകമാക്കിയിട്ടുണ്ട്.
17 തടവുകാരും ഒരേ സെല്ലിലായിരുന്നു കഴിഞ്ഞിരുന്നത്. തടവുകാരിലൊരാൾക്ക് സുഖമില്ലെന്ന് അറിയിച്ചതിനെ തുടർന്ന് സുരക്ഷാ ജീവനക്കാർ സെല്ലിനുള്ളിൽ പ്രവേശിച്ചപ്പോഴാണ് ആക്രമണമുണ്ടായത്. നാല് പൊലീസുകാരെ ആക്രമിച്ചാണ് തടവുകാർ രക്ഷപ്പെട്ടത്. തങ്കപാണ്ടി എന്ന പൊലീസുകാരന് തലയ്ക്ക് പരിക്കേറ്റു. മറ്റ് രണ്ട് പൊലീസുകാർക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രക്ഷപ്പെട്ടവരിൽ ഭൂരിഭാഗവും വില്ലുപുരം ജില്ലയിൽ നിന്നുള്ളവരാണെന്നാണ് വിവരം. പ്രതികളുടെ ചിത്രങ്ങളും വിവരങ്ങളും സമീപത്തെ പൊലീസ് സ്റ്റേഷനുകളിലേക്ക് കൈമാറിയിട്ടുണ്ട്. 17 സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നതെന്ന് തമിഴ്നാട് സൗത്ത് സോൺ ഐജി വിജയേന്ദ്ര ബിദാരി അറിയിച്ചു. ജയിലിൽനിന്ന് 25 കിലോമീറ്റർ അകലെയുള്ള വർഷനാട് വനമേഖലയിലും പരിശോധന തുടരുകയാണ്. രക്ഷപ്പെട്ടവർക്കെതിരെ കേരളത്തിലെ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ടെന്നും പ്രതികളെ ഉടൻ പിടികൂടുമെന്നാണ് പ്രതീക്ഷയെന്നും ഐജി വ്യക്തമാക്കി.



