തിരുവനന്തപുരം: ആഭ്യന്തരവകുപ്പിന്റെ പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരൻ നിയമസഭയിൽ. രമേശ് ചെന്നിത്തല നല്ല വ്യക്തിയാണെങ്കിലും അദ്ദേഹം കൈകാര്യം ചെയ്യുന്ന വകുപ്പ് മോശമാണെന്നായിരുന്നു സുധാകരന്റെ പരാമർശം. വകുപ്പ് മോശമാണെങ്കിൽ മന്ത്രി എങ്ങനെ നന്നാകുമെന്നും വെളുത്ത് സുന്ദരനായതുകൊണ്ട് മാത്രം കാര്യമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.
പൊലീസിന്റെ പ്രവർത്തനത്തിലും നിയന്ത്രണ സംവിധാനത്തിലും മാറ്റം വേണമെന്ന് ആവശ്യപ്പെട്ട സുധാകരൻ, പൊലീസുകാർക്ക് മേൽ ഫലപ്രദമായ നിയന്ത്രണം ഉറപ്പാക്കണമെന്നും പറഞ്ഞു. ആഭ്യന്തരവകുപ്പ് എല്ലാ കാലത്തും പ്രശ്നങ്ങൾ നേരിടുന്നുണ്ടെന്നും അതിന്റെ ഉത്തരവാദിത്തം മനസ്സിലാക്കി നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിയെ വ്യക്തിപരമായി ആക്ഷേപിക്കുകയല്ലെന്നും വകുപ്പിന്റെ പ്രവർത്തനത്തിലെ പോരായ്മകളാണ് ചൂണ്ടിക്കാണിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.
പൊലീസുകാർ യൂണിഫോം ധരിച്ച പൗരന്മാരാണെന്നും പൗരന്മാരെ നിയമം പാലിക്കാൻ പ്രേരിപ്പിക്കുന്നതിനൊപ്പം പൊലീസിനും നിയമം ബാധകമാണെന്ന് ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് സേനയിലെ അംഗബലം കുറവാണെന്നും അതിനാൽ കൂടുതൽ നിയമനങ്ങൾ നടത്തണമെന്നും വനിതാ പൊലീസുകാരുടെ എണ്ണം വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. എല്ലാ പഞ്ചായത്തുകളിലും പൊലീസ് സാന്നിധ്യം ഉറപ്പാക്കണമെന്നും പൊലീസ് ജോലി ആളുകളെ അടിക്കാനും പിടിക്കാനും മാത്രമുള്ളതല്ലെന്നും അദ്ദേഹം ഓർമിപ്പിച്ചു.
സെക്രട്ടേറിയറ്റിന്റെ പ്രവർത്തനരീതിയെയും സുധാകരൻ വിമർശിച്ചു. കാര്യമായ മാറ്റങ്ങൾ ഉണ്ടായിട്ടില്ലെന്നും മനുഷ്യത്വപരമായ സമീപനം ഉറപ്പാക്കേണ്ട ഇടമായി സെക്രട്ടേറിയറ്റ് മാറണമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സംവിധാനത്തെ പുനഃസംഘടിപ്പിക്കേണ്ടതുണ്ടെന്നും കാലഹരണപ്പെട്ട രീതികൾ മാറ്റാതെ കാര്യക്ഷമമായ ഭരണനിർവഹണം സാധ്യമാകില്ലെന്നും സുധാകരൻ അഭിപ്രായപ്പെട്ടു.



