ഡൽഹി: വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ സംബന്ധിച്ച പ്രതിപക്ഷ ആരോപണങ്ങളിൽ ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്ര സർക്കാർ. വിഷയം ചർച്ച ചെയ്യുന്നതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം വിളിക്കാനും സർക്കാർ സന്നദ്ധമാണെന്ന് അറിയിച്ചു. ആരോപണം ഉന്നയിക്കപ്പെട്ട ഓരോ വിഷയത്തിലും ചർച്ച നടത്താൻ തയ്യാറാണെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ വ്യക്തമാക്കി. തെരുവിൽ അരാജകത്വം സൃഷ്ടിക്കാൻ ശ്രമിക്കാതെ രാഹുൽ ഗാന്ധി ചർച്ചയ്ക്ക് തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം, മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മകമായി പുറത്താക്കുന്ന ഇന്ത്യ സഖ്യത്തിന്റെ പൊതുകുറ്റവിചാരണ ഇന്ന് നടക്കും. പരിപാടിയുടെ സമയക്രമത്തിൽ മാറ്റം വരുത്തിയിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് പരിപാടിയെന്നായിരുന്നു ജയറാം രമേശ് അറിയിച്ചിരുന്നത്. എന്നാൽ എഐസിസിയുടെ അറിയിപ്പിൽ സമയം മൂന്നരയെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്നലെ നടത്താനിരുന്ന പരിപാടി മഴയെ തുടർന്നാണ് മാറ്റിവെച്ചത്.



