തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സാംസ്കാരിക പരിപാടികളിൽ നിന്നും ഇടുക്കി ജില്ല എപ്പോഴും ഒഴിവാക്കപ്പെടുന്നതിനെ വിമർശിച്ച് സാംസ്കാരിക മന്ത്രി പി സി വിഷ്ണുനാഥ്. ഇടുക്കി ജില്ലയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ എന്ന് മന്ത്രി കളിയായി ചോദിച്ചു. സാഹിത്യ അക്കാദമി നടത്തി വരുന്ന സാഹിത്യോത്സവം പരിപാടി ഇനി മുതൽ വലിയ സംസ്കാരികോത്സവമായി നടത്താൻ തീരുമാനമെടുത്തെന്നും മന്ത്രി പറഞ്ഞു. ഓരോ വർഷവും വിവിധ ജില്ലകളിലാവും പരിപാടികൾ നടത്തുക.
എന്നാൽ ചില ജില്ലകളിൽ സർക്കാരിന്റെ ആഭിമുഖ്യത്തിലുള്ള സാംസ്കാരിക പരിപാടികൾ കുറവാണ് എന്ന് പറഞ്ഞ മന്ത്രി അതിനുദാഹരണമായാണ് ഇടുക്കിയെക്കുറിച്ച് പറഞ്ഞത്. ഇടുക്കി ജില്ലയിൽ ഒന്നും നടക്കാറില്ല. ഇടുക്കി കേരളത്തിലെ ഒരു ജില്ലയല്ലേ? ഇടുക്കിയെന്താ തവിട് കൊടുത്ത് വാങ്ങിയതാണോ?” എന്നും മന്ത്രി ചോദിച്ചു. കേരളമെന്ന നാടിന്റെ സാംസ്കാരിക പ്രവർത്തനങ്ങൾ എല്ലായിടത്തും എത്തണമെന്നും അദ്ദേഹം പറഞ്ഞു.
എല്ലാ മേഖലകൾക്കും പ്രാതിനിധ്യം ലഭിക്കുന്ന തരത്തിൽ സംസ്ഥാനത്തിന്റെ സാംസ്കാരികോത്സവം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സാഹിത്യോത്സവം ഒഴിവാക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. പകരം അതിനെ വിപുലമായ ഒരു സാംസ്കാരികോത്സവമാക്കും. സംഗീത നാടക അക്കാദമി, സാഹിത്യ അക്കാദമി, ഫോക്ലോർ അക്കാദമി, ലളിതകലാ അക്കാദമി, കേരള കലാമണ്ഡലം, ചലച്ചിത്ര അക്കാദമി തുടങ്ങിയ സ്ഥാപനങ്ങളെല്ലാം ഇതിൽ ഒരുമിക്കുമെന്നും മന്ത്രി പറഞ്ഞു.



