ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ഓഫീസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ലാപ്ടോപ്പുകളും ടാബ്ലെറ്റുകളും ഇനി പണം നൽകാതെ തന്നെ കൈവശം വെക്കാനുള്ള അവസരം വരുന്നു. ജീവനക്കാർക്കായി1.8 ലക്ഷം രൂപവരെ വിലയുള്ള ഉപകരണങ്ങൾ വാങ്ങാൻ വകുപ്പുകൾക്ക് ധനമന്ത്രാലയം അനുമതി നൽകി. നാലുവർഷത്തെ ഉപയോഗത്തിനുശേഷം ജീവനക്കാർക്ക് ഈ ഉപകരണം കൈവശം വെക്കുകയും ചെയ്യാം.
സെക്ഷൻ ഓഫീസർ പദവിയിലും അതിനുമുകളിലുമുള്ള കേന്ദ്ര സർക്കാർ ജീവനക്കാർക്കാണ് ഉപകരണങ്ങൾ ലഭിക്കാൻ അർഹതയുള്ളത്. കഴിഞ്ഞദിവസമാണ് ധനകാര്യ മന്ത്രാലയം ഉപകരണങ്ങൾ വാങ്ങൽ നയം പരിഷ്കരിച്ചത്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനായി അർഹരായ ഉദ്യോഗസ്ഥർക്ക് ലാപ്ടോപ്പ്, ടാബ്ലെറ്റ്, നോട്ട്പാഡ്, അൾട്രാ-ബുക്ക്, നോട്ട്ബുക്ക്, സമാന വിഭാഗത്തിലുള്ള ഉപകരണങ്ങൾ എന്നിവ നൽകാം എന്ന് തീരുമാനിച്ചിട്ടുണ്ട്.
2023 ജൂലായിയിലെ നിർദ്ദേശങ്ങൾക്ക് പകരമാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ വന്നിരിക്കുന്നത്. പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഉപകരണത്തിന്റെ വില നികുതി ഉൾപ്പെടെ 1.50 ലക്ഷം രൂപയിൽ കവിയാൻ പാടില്ല. എന്നാൽ 40 ശതമാനത്തിലധികം മെയ്ക്ക് ഇൻ ഇന്ത്യ ഘടകങ്ങളുള്ള ഉപകരണങ്ങൾക്ക്, വിലപരിധി നികുതി ഉൾപ്പെടെ 1.80 ലക്ഷം രൂപയായി നിശ്ചയിച്ചിട്ടുണ്ട്.



