മലപ്പുറം: തദ്ദേശ വകുപ്പ് മന്ത്രിയും മുസ്ലിം ലീഗ് നേതോവുമായ കെ.എം ഷാജിയെ പരിഹസിച്ച് സിപിഐഎം നേതാവ് കെ ടി ജലീല്‍. സൂര്യന് കറങ്ങുന്നത് ലീഗിന്റെ ഔദാര്യത്തിലാണെന്ന് പറയാതിരുന്നത് ഭാഗ്യമാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം. സൂര്യനും ഭൂമിയും ചന്ദ്രനും മറ്റുഗ്രഹങ്ങളും സ്വന്തം ഭ്രമണപഥങ്ങളില്‍ തിരിയുന്നതില്‍ ലീഗിനും യൂത്ത് ലീഗിനും പങ്കുണ്ടെന്ന് പറയാതിരുന്നതിന് പഴയ സുഹൃത്തിന് ഒരായിരം നന്ദി എന്നും കുറിപ്പിൽ പറയുന്നു.
മുസ്ലിം സമുദായത്തിന്റെ സംരക്ഷണവുമായി ബന്ധപ്പെട്ടും ഈ മോഡല്‍ തള്ളാണ് ലീഗ് നേതാക്കള്‍ പാവം അണികളോട് തള്ളുന്നത്. ഏത് തള്ളാണെങ്കിലും ഒരു മയത്തിലൊക്കെ വേണ്ടേ സുഹൃത്തെ? ബുദ്ധിയുള്ളവര്‍ നാട്ടിലുണ്ടെന്ന വിചാരമെങ്കിലും വേണ്ടെയെന്നും കെ. ടി ജലീല്‍ പരിഹസിച്ചു. ഇസ്രയേല്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് തിരിച്ചടിയേറ്റതില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ക്കും പങ്കുണ്ടെന്ന് കെ എം ഷാജി പറഞ്ഞിരുന്നു. എറണാകുളത്തുവെച്ച് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിലായിരുന്നു കെ എം ഷാജിയുടെ പരാമര്‍ശം.
ലോകത്ത് എല്ലായിടത്തും നടന്നതുപോലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ നടത്തിയ ഇടപെടലുകളും പ്രചാരണങ്ങളുമാണ് ലോകരാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമായത്. നെതന്യാഹുവിന് പടിയിറങ്ങേണ്ടി വന്നതില്‍ മലപ്പുറത്തും കാസര്‍കോടും എറണാകുളത്തുമുള്ള യൂത്ത് ലീഗുകാര്‍ക്ക് പങ്കുണ്ട്. സോഷ്യല്‍ മീഡിയ ഇടപെടലുകളും പ്രചാരണങ്ങളുമാണ് അതിന് കാരണം. ഇസ്രയേലില്‍ മാത്രമല്ല ബ്രസീലിലും അമേരിക്കയിലുമെല്ലാം വലതുപക്ഷം തോറ്റതിൽ ഇത് ഘടകമാണെന്നും കെ എം ഷാജി പറഞ്ഞിരുന്നു.



